എറണാകുളം: കൊച്ചിയില്‍ യുവാവിനെ കടയിൽ കയറി അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. തോപ്പുംപടിയില്‍ ബിനോയി സ്റ്റാൻലി ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ബിനോയിയുടെ അയല്‍വാസിയായ അലനാണ് കൃത്യം നടത്തിയത്.
ഇന്നലെ (മെയ് 15) വൈകുന്നേരം ഏഴേ മുക്കാലോടെയാണ് തോപ്പുംപടിയിലെ കടയിൽ ബിനോയി സ്റ്റാൻലി കുത്തേറ്റ് മരിച്ചത്. അയൽവാസിയായ അലൻ വാക്കുതർക്കത്തിനിടെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കടയിൽ മറ്റാരുമില്ലാത്ത സമയത്ത് എത്തിയ പ്രതി, ബിനോയിയുമായി തർക്കിക്കുകയും കയ്യിൽ കരുതിയ കത്തിയെടുത്ത് തുടരെ തുടരെ കുത്തുകയായിരുന്നു.
അലറിവിളിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന ബിനോയിയെ പ്രതി വലിച്ച് നിലത്തിട്ട ശേഷവും നിരവധി തവണ കുത്തുകയും മരണമുറപ്പാക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു. എന്നാൽ സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. കുത്തേറ്റ് രക്തം വാർന്ന നിലയിൽ നിലത്ത് വീണു കിടന്ന ബിനോയിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവം നടന്നയുടൻ നാട്ടുകാർ തന്നെ പൊലീസിനെ വിവരമറിയിച്ചിരുന്നു. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് പ്രതി അലൻ എന്നാണ് പൊലീസ് നൽകുന്ന വിവരം. മുൻ വൈരാഗ്യത്തിൽ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് തോപ്പുംപടിയിൽ നടന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
Also Read: ചെമ്മണ്ണൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ സിപിഎം പ്രവർത്തകനാണെന്ന് ആരോപണം