കോഴിക്കോട് : കോഴിക്കോട് മുക്കത്തിനു സമീപം കാഞ്ഞിരമുഴിയിൽ യുവതിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. കാഞ്ഞിരമുഴി കുടുക്കിൽ മനീഷയ്ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കാലിനും നട്ടെല്ലിനുമാണ് പരിക്ക്. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം.
വീടിനടുത്ത ആളൊഴിഞ്ഞ പറമ്പിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു മനീഷ. പെട്ടെന്ന് ഓടിയെത്തിയ കാട്ടുപന്നി ഇവരെ ആക്രമിക്കുകയായിരുന്നു. കാട്ടുപന്നിയുടെ ആക്രമണത്തിൽ തെറിച്ചുവീണ മനീഷയുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടിയെത്തിയപ്പോഴാണ് കാട്ടുപന്നി ഒഴിഞ്ഞു മാറിയത്.
തുടർന്ന് പരിക്കേറ്റ യുവതിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. കാലിനും നട്ടെല്ലിനും പറ്റിയ പരിക്ക് ഗുരുതരമായതുകൊണ്ട് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തെയും ഇതിനു സമാനമായ രീതിയിൽ പരിസരത്ത് ഒരു യുവാവിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കാട്ടുപന്നികൾ മനുഷ്യന് നേരെ തിരിയുന്നത് നിത്യ സംഭവമായതോടെ പ്രദേശവാസികൾ വലിയ ആശങ്കയിലാണ്.
ALSO READ : കാട്ടുപന്നി കുറുകെ ചാടി ; ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു