തൃശൂർ : അകമല കുഴിയോട് ജനവാസ മേഖലയിലെ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. വാഴക്കൃഷി നശിപ്പിച്ച കാട്ടാനകൾ പ്ലാവിലെ ചക്കകളും കഴിച്ചാണ് മടങ്ങിയത്.
ആന ഇറങ്ങിയത് അറിഞ്ഞ് ഭീതിയിലായ നാട്ടുകാർ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനപാലകരും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും ആനകളെ കാട് കയറ്റുകയായിരുന്നു. മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാവുന്നതിൽ വലിയ ആശങ്കയിലാണ് നാട്ടുകാർ.