വയനാട്: മാനന്തവാടിയെ ഭീതിയിലാക്കിയ തണ്ണീര്‍ക്കൊമ്പനെ മയക്ക് വെടിവച്ചു. മാനന്തവാടി കോഴിക്കോട് റോഡിന് സമീപത്തെ താഴയങ്ങാടിക്ക് സമീപത്ത് വച്ചാണ് മയക്കുവെടി വച്ചത്. നിലവില്‍ വെടിയേറ്റ സ്ഥലത്ത് തന്നെ ആന നിലയുറപ്പിച്ചിരിക്കുകയാണ് (Thanner Komban Wayanad). ആർആർടി ടീം ഡോ. അജീഷ് മോഹൻദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വച്ചത്.
ഇടത്തേ കാലിന് പിറകിലാണ് ആനയ്‌ക്ക് വെടിയേറ്റത്. ആദ്യ റൗണ്ട് മയക്കുവെടിക്ക് ശേഷം ഇനി മയക്കുവെടി വേണമോ എന്ന കാര്യം ആർആർടി സംഘം ആലോചിക്കുന്നുണ്ട്. മൂന്ന് കുങ്കിയാനകളെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട് (Thanner Komban Shot). സുരക്ഷിതമായ സ്ഥലത്തേക്ക് ആനയെ എത്തിച്ച ശേഷം കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തില്‍ കയറ്റി ബന്ദിപ്പൂരിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. കർണാടക വനം വകുപ്പ് സംഘവും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.