തൃശൂർ : അതിരപ്പിള്ളി-മലക്കപ്പാറ റോഡിൽ വീണ്ടും കബാലി ഇറങ്ങി. റോഡിലിറങ്ങിയ കബാലി ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെടുത്തി. കാട് കയറിപ്പോയ കബാലി രണ്ട് മാസങ്ങൾക്ക് ശേഷമാണ് തിരികെയെത്തുന്നത്.
ഷോളയാർ പവർ ഹൗസിനും വാൽവ് ഹൗസിനും ഇടയിൽ ഇന്നലെ (ഡിസംബർ 29) രാവിലെ 11 മണിയോടെയായിരുന്നു ഒറ്റയാന്‍റെ വഴി തടയൽ. കബാലിയുടെ അപ്രതീക്ഷിത വഴി തടയൽ മൂലം കെഎസ്ആർടിസി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് വഴിയിൽ കുടുങ്ങിയത്. റോഡരികിൽ നിന്ന പന മറിച്ചിട്ട് തിന്നുകയായിരുന്ന കബാലി പെട്ടന്ന് റോഡിലേക്കിറങ്ങുകയായിരുന്നു.
ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്ക് പോയിരുന്ന വാഹനങ്ങൾക്ക് മുമ്പിലാണ് കബാലി നിലയുറപ്പിച്ചിത്. അപ്രതീക്ഷിതമായി റോഡിലേക്കിറങ്ങിയ കാട്ടാനയ്ക്ക് മുമ്പിൽ ചെറു വാഹനങ്ങളും കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര ബസുൾപ്പെടെയാണ് കുടുങ്ങിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എന്നാൽ ആക്രമണ സ്വഭാവം കാണിക്കാതെ റോഡിൽ നിലയിറപ്പിച്ച കബാലിക്ക് മുമ്പിൽ കുടുങ്ങിയ ചെറു വാഹനങ്ങൾ പെട്ടന്ന് എടുത്ത് പോയതിനാൽ അപകടം ഒഴിവായി. തുടർന്ന് ബസിന് നേരെ ആന വന്നെങ്കിലും പിന്തിരിഞ്ഞ് പോകുകയായിരുന്നു.
വീണ്ടും ഒരു മണിക്കൂറോളം വഴി തടഞ്ഞ് റോഡിൽ നിന്ന കബാലിയെ വനപാലകരെത്തി റോഡിൽ നിന്ന് മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മേഖലയിലെ സ്ഥിരം പ്രശ്‌നക്കാരായ മഞ്ഞ കൊമ്പനും ഏഴാറ്റുമുഖം ഗണപതിയും പിന്നാലെ കബാലിയും എത്തിയതോടെ പ്രദേശവാസികളും വിനോദസഞ്ചാരികളും വനംവകുപ്പും ഒരുപോലെ ആശങ്കയിലാണ്.
Also Read: വാൽപ്പാറയിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങി കാട്ടാനകള്‍; പലചരക്ക് കടകൾ തകർത്തു