ഇടുക്കി : കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കാഞ്ഞിരവേലി സ്വദേശി ഇന്ദിരയുടെ മൃതദേഹം സംസ്‌കരിച്ചു. ജനപ്രതിനിധികൾ അടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. കൂവ വിളവെടുക്കുന്നതിനിടെ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
വയോധികയുടെ മരണത്തെ തുടർന്ന് കോതമംഗലത്ത് ജനകീയ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ ദിവസം രാവിലെയാണ് കൃഷിയിടത്തിൽവച്ച് ഇന്ദിര കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പോസ്‌റ്റുമോർട്ടത്തിന് ശേഷം രാത്രിയിൽ മൃതദേഹം വീട്ടിൽ എത്തിച്ചു. മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം വീട്ടിൽ എത്തിച്ച് നൽകിയത്. ഇന്ന് (05-03-2024) രാവിലെ 10 മണിയോടെയാണ് വീട്ടുവളപ്പിൽ സംസ്‌കാരം നടന്നത്.
ALSO READ : നേര്യമംഗലത്ത് കാട്ടാന ആക്രമണം : കൂവ വിളവെടുപ്പിനിടെ വയോധികയെ ചവിട്ടിക്കൊന്നു
ഇടുക്കി എം പി ഡീൻ കുര്യാക്കോസ്, ദേവികുളം എംഎൽഎ അടക്കമുള്ളവർ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തു. ഇന്ന് മുതൽ സ്പെഷ്യൽ ആർ ആർ ടി ടീം മേഖലയിൽ നിരീക്ഷണം നടത്തും. മരണപ്പെട്ട ഇന്ദിരയുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ കൈമാറി. സംഭവത്തിന് പിന്നാലെ കോതമംഗലത്തുണ്ടായ പ്രതിഷേധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വരുന്നത്.