ഇടുക്കി: ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കാട്ടാനകളുടെ ആക്രമണത്തിൽ പൊറുതിമുട്ടി പീരുമേട് ജനവാസ മേഖലയിലെ ജനങ്ങൾ. ഇന്നലെ (ഏപ്രിൽ 15) വൈകുന്നേരം 5 മണിക്ക് ശേഷം പീരുമേട് ഗവൺമെന്‍റ് ഗസ്‌റ്റ് ഹൗസ് ഭാഗത്ത് ജോസഫിന്‍റെ പുരയിടത്തിൽ എത്തിയ കാട്ടാനക്കൂട്ടം തെങ്ങ് പ്ലാവ് ഏലം കവുങ്ങ് തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചു.
ഒരു കൊമ്പനും രണ്ട് പിടിയാനകളും ഉൾപ്പെടുന്ന കാട്ടാന കൂട്ടമാണ് പ്രദേശത്ത് എത്തി വ്യാപക കൃഷി നാശം വരുത്തിയിരിക്കുന്നത്. ഇതുകൂടാതെ തൊട്ടടുത്ത നടുവത്തേഴത്ത് സെബാസ്‌റ്റ്യൻ്റെയും, അസീസിന്‍റെയും പുരയിടത്തിലെ വാഴയും ഏലവും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. ഇതിനുശേഷം പീരുമേട് എക്സൈസ് ഓഫീസിന് സമീപത്തേക്ക് നീങ്ങിയ കാട്ടാനക്കൂട്ടം ഒരു പന കൂടി നശിപ്പിച്ചു. ഇതിനുശേഷം കാട്ടാനക്കൂട്ടം മരിയ ഗിരി സ്‌കൂളിന്‍റെ ഭാഗത്തേക്ക് നീങ്ങിയതായും നാട്ടുകാർ പറഞ്ഞു.
രണ്ട് മാസങ്ങൾക്ക് മുൻപ് രാപ്പകലില്ലാതെ പീരുമേട് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം എത്തി വ്യാപക കൃഷി നാശം വരുത്തുകയും, രാത്രികാലങ്ങളിൽ അടക്കം പ്രദേശവാസികൾക്ക് ഭീതി പരത്തുകയും ചെയ്‌ത സാഹചര്യത്തിൽ വനംവകുപ്പിന്‍റെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സംയുക്ത യോഗം ചേരുകയും ജനവാസ മേഖലയിൽ വന്യമൃഗ ശല്യം തടയുന്നതിന് ശാശ്വത പരിഹാരമായി വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചതും ആണ്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പീരുമേട് ജനവാസ മേഖലയിലെ വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരത്തിനായുള്ള പ്രാഥമിക നടപടികൾ പോലും വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നുമുള്ള വ്യാപക പരാതിയാണ് ഉയരുന്നത്.
വേനൽ രൂക്ഷമായ സാഹചര്യത്തിൽ പീരുമേട് ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ശല്യം വർധിച്ചതോടെ പൊറുതിമുട്ടിയിരിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ. വനംവകുപ്പിന്‍റെ ഭാഗത്ത് നിന്ന് പ്രദേശത്ത് പട്രോളിങ് അടക്കമുള്ള മുൻകരുതലുകൾ അടിയന്തരമായി ഉണ്ടാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഇടുക്കിയെ വിടാതെ കാട്ടുകൊമ്പന്‍ പടയപ്പ : വീണ്ടും മൂന്നാറിനെ ഭീതിയിലാഴ്‌ത്തുതകയാണ് കാട്ടുകൊമ്പന്‍ പടയപ്പ. ഏപ്രിൽ 9 ന് രാത്രിയിലും 10 ന് പുലർച്ചെയും പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങി. മൂന്നാര്‍ കുറ്റിയാർവാലി റോഡിൽ ഗ്രാംസ്ലാൻഡ് ഭാഗത്താണ് പടയപ്പ ഗതാഗത തടസ്സം തീർത്തത്.
അരമണിക്കൂറോളം സമയം പടയപ്പ ഇവിടെ നിലയുറപ്പിച്ചു. പിന്നീട് ആർആർറ്റി സംഘമെത്തി കാട്ടാനയെ തുരത്തി. ഏപ്രിൽ 10 ന് പുലർച്ചെയോടെ മറ്റൊരു ആനക്കൂട്ടത്തോടൊപ്പം പടയപ്പ വീണ്ടും ജനവാസ മേഖലയിൽ എത്തുകയായിരുന്നു. കൊരണ്ടിക്കാട് എസ്‌റ്റേറ്റ് വേൽമുടി ബംഗ്ലാവിന് സമീപമായിരുന്നു കാട്ടാനക്കൂട്ടമെത്തിയത്. ആറ് ആനകളടങ്ങുന്ന മറ്റൊരു ആനക്കൂട്ടത്തോട് ഒപ്പമാണ് പടയപ്പ ജനവാസ മേഖലയിൽ എത്തിയത്.
ALSO READ : നീർനായ ആക്രമണം രൂക്ഷം; സമരത്തിനൊരുങ്ങി ഇരുവഞ്ഞിപ്പുഴ ആക്ഷൻ കമ്മിറ്റി