ഇടുക്കി: മൂന്നാറില്‍ വീണ്ടും ജനവാസ മേഖലയില്‍ ഭീതി പരത്തി കാട്ടാന. മൂന്നാര്‍ നല്ലതണ്ണിക്ക് സമീപമുള്ള വീടുകള്‍ക്ക് അരികിലാണ് കാട്ടാനയിറങ്ങിയത്. പുലര്‍ച്ചെ അഞ്ചുമണിയോടെ എത്തിയ കാട്ടാന ഏറെ സമയം പ്രദേശവാസികളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി. പിന്നീട് വനം വകുപ്പ് അധികൃതരെത്തി ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വേനല്‍ കനത്തതോടെ മൂന്നാര്‍ മേഖലയില്‍ വന്യജീവികള്‍ കൂടുതലായി കാടിറങ്ങുകയാണ്. കാട്ടാന ശല്യമാണ് അതിരൂക്ഷം. ദിവസവും ജനവാസ മേഖലകളില്‍ കാട്ടാനകളെത്തി ഭീതി പരത്തുകയും നാശനഷ്‌ടം വരുത്തുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. പടയപ്പയടക്കമുള്ള ഒറ്റയാന്‍മാര്‍ ജനവാസ മേഖയ്‌ക്കരികില്‍ നിന്നും പിന്‍വാങ്ങാത്ത സ്ഥിതിയുണ്ട്.
രാപ്പകല്‍ വ്യത്യാസമില്ലാതെ തൊഴിലാളി കുടുംബങ്ങള്‍ വന്യജീവികളെ ഭയന്നാണ് തോട്ടം തൊഴിലില്‍ ഏര്‍പ്പെടുന്നത്. കാട്ടാനകളെ ഭയന്ന് രാത്രികാലങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നു. പോയ വേനല്‍ക്കാലത്ത് കാട്ടാന ആക്രമണത്തിൽ മൂന്നാര്‍ മേഖലയില്‍ മനുഷ്യജീവന്‍ പൊലിയുന്ന സാഹചര്യവുമുണ്ടായി. വേനല്‍ കനക്കുന്നതോടെ കാട്ടാനയും പുലിയുമൊക്കെ കൂടുതലായി കാടിറങ്ങുമോയെന്ന ആശങ്ക കുടുംബങ്ങള്‍ പങ്കുവച്ചു.