കാസർകോട്: എഴുന്നൂറോളം വർഷങ്ങൾ പഴക്കമുള്ള ആരിക്കാടി കോട്ടയിൽ നിധി ഉണ്ടോ? എന്ന ചർച്ചകൾ ചൂടുപിടിക്കുകയാണ്. എന്നാൽ ആരിക്കാടി കോട്ടയിൽ "നിധി" ഉണ്ടാകാൻ ഒരു സാധ്യതയും ഇല്ലെന്ന് 2015ൽ ഇവിടെ ഗവേഷണം നടത്തിയ പുരാവസ്‌തു ഗവേഷകനായിരുന്ന പ്രൊഫ. അജിത് കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു. കോട്ടയ്ക്ക് സമീപം മൂന്ന് കിണറുകൾ ഉണ്ട്. ഇവിടെയൊക്കെ അന്ന് പരിശോധന നടത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കോട്ടയിൽ നടന്ന പരിശോധനയിൽ ലെഡ് ബുള്ളറ്റുകൾ, അവ നിർമിക്കാൻ ഉപയോഗിക്കുന്ന അച്ച് മേൽക്കൂര ടൈലുകൾ, പ്രാദേശിക മൺപാത്രങ്ങൾ തുടങ്ങിയവ മാത്രമാണ് ലഭിച്ചിരുന്നത്. കാരണം ഇവിടെ കുടുംബങ്ങൾ താമസിച്ചതിൻ്റെ തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല. അതിനുള്ള സ്ഥലവും കോട്ടയ്ക്ക് ഇല്ല. ചെറിയ ഒരു കോട്ടയാണ് ഇത്. ജലഗതാഗതം വഴി വാണിജ്യ ഇടപാടുകൾ നടത്തിയിരുന്നു എന്നാണ് കരുതപ്പെടുന്നത്. അതിന് വേണ്ടിയോ അല്ലെങ്കിൽ സുരക്ഷാ സേനയ്ക്ക് വേണ്ടി നിർമിച്ചതോ ആകാനാണ് സാധ്യത. രാജകീയമായ ബേക്കൽ കോട്ട സ്ഥാപിച്ച കേളടിയിലെ നായകർ ഇത് നിർമിച്ചതായി പറയപ്പെടുന്നു.
ഇന്ത്യയിലെ മധ്യകാലാനന്തര കർണാടകയിൽ ചെറുതും എന്നാൽ പ്രാധാന്യമുള്ളതുമായ ഒരു രാജവംശമായിരുന്നു അവർ. ഈ കോട്ടയുടെ അടിത്തട്ടിൽ ആരിക്കാടി ഹനുമാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. സാധാരണ സർവേകളിൽ കിണറുകളിലും മറ്റും ചെറുതും വലുതുമായ വിഗ്രഹങ്ങൾ കണ്ടെത്താറുണ്ട്. പഞ്ച ലോഹ വിഗ്രഹങ്ങൾ വരെ കണ്ടെത്താനുള്ള സാധ്യതയും ഉണ്ട്. ആരിക്കാടി കോട്ടയിൽ അതിക്രമിച്ചു കടന്നവർക്ക് അത്തരത്തിൽ എന്തെങ്കിലും ഉദ്ദേശം ആയിരിക്കാം. അല്ലാതെ നിധിക്ക് സാധ്യത കുറവാണ്.
കാസർക്കോട്ടെ എല്ലാ കോട്ടകളിലും ഞങ്ങൾ പോയിട്ടുണ്ട്. ബേക്കൽ കോട്ടയിൽ വലിയ കുടുംബങ്ങൾ താമസിച്ചതിൻ്റെ തെളിവുകൾ കിട്ടിയിരുന്നു. ഇവിടെ അങ്ങനെ ഒന്നും കിട്ടിയതുമില്ല. മിക്ക കോട്ടകളിൽ പോകുമ്പോഴും പ്രദേശവാസികൾ നിധി ഉണ്ടെന്ന് പറയാറുണ്ട്. എന്നാൽ ഒന്നും കണ്ടെത്താനാകാറില്ലെന്നും പുരാവസ്‌തു ഗവേഷകനായിരുന്ന റിട്ട. പ്രൊഫ അജിത് കുമാർ പറഞ്ഞു.
നിധി തേടി എത്തിയവർ
ആരിക്കാടി കോട്ടയിലെ കിണറിൽ നിധിക്കായി എത്തിയവർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റടക്കം അഞ്ച് പേരാണ്. സംസ്ഥാന പുരാവസ്‌തു വകുപ്പിൻ്റെ അധീനതയിലാണ് കുമ്പള ആരിക്കാടി കോട്ട. കോട്ടയ്ക്കകത്ത് നിന്നും ശബ്‌ദം കേട്ട് വന്ന പരിസരവാസികളാണ് കിണറ്റില്‍ രണ്ടുപേർ മൺവെട്ടി ഉപയോഗിച്ച് കിളയ്ക്കുന്നത് കണ്ടത്. നാട്ടുകാരെ കണ്ടതോടെ കിണറിൻ്റെ സമീപത്ത് നിന്നവർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെ പിടികൂടി കുമ്പള പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിധി കുഴിച്ചെടുക്കാൻ എത്തിയത് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുജീബ് അടങ്ങുന്ന സംഘമാണെന്നതാണ് നാട്ടുകാരെ ഞെട്ടിപ്പിച്ചത്. ഭീമനടി സ്വദേശി അജാസ്, മൊഗ്രാൽ പുത്തൂർ സ്വദേശി അഫാർ, ഉളിയാർ സ്വദേശി മുഹമ്മദ് ഫിറോസ്, ബംഗള സ്വദേശി സഹദുദ്ദീൻ എന്നിവരാണ് മറ്റുള്ളവർ.
കോട്ടയ്ക്കകത്ത് നിധിയുണ്ടെന്ന വിശ്വാസത്താലാണ് പ്രതികൾ സ്ഥലം കുഴിക്കാൻ ശ്രമിച്ചതെന്നാണ് പൊലീസിന് നല്‍കിയ മൊഴി. നിധിക്കായി കുഴിച്ച സംഭവത്തിൽ സംസ്ഥാന പുരാവസ്‌തു വകുപ്പ് പരിശോധനയ്ക്ക് ശേഷം പൊലീസിൽ പരാതി നൽകിയിരുന്നു. സംരക്ഷിത മേഖലയിൽ അതിക്രമം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്‌തു.
Also Read: നിധി കുഴിച്ചെടുക്കാൻ കിണറിൽ ഇറങ്ങി; പഞ്ചായത്ത് വൈസ് പ്രസിഡൻ്റടക്കം അഞ്ച് പേർ പിടിയിൽ