തിരുവനന്തപുരം : തുടര്‍ച്ചയായി മൂന്നു തവണ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയുടെ അപ്രതീക്ഷിത വിയോഗത്തോടെ അടുത്ത ജനറൽ സെക്രട്ടറി ചര്‍ച്ചകള്‍ സിപിഎമ്മില്‍ സജീവമാകുന്നു. മുതിര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ട്, മുന്‍ ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍, ആന്ധ്രയില്‍ നിന്നുള്ള ബി വി രാഘവലു എന്നിവര്‍ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്.
അടുത്ത വര്‍ഷം തമിഴ്‌നാട്ടിലെ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാകും ഇനി പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുക. അതുവരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ചുമതല പൊളിറ്റ് ബ്യൂറോ ഏറ്റെടുക്കാനാണ് സാധ്യത. സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍റെ ഭാര്യയാണ് ബൃന്ദ കാരാട്ട്. ബംഗാളില്‍ നിന്നുള്ള മുന്‍ രാജ്യസഭാംഗവും സിപിഎമ്മിന്‍റെ വനിതാ വിഭാഗമായ ജനാധിപത്യ മഹിള അസോസിയേഷന്‍റെ അഖിലേന്ത്യ അധ്യക്ഷയുമായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ബൃന്ദ ജനറല്‍ സെക്രട്ടറിയായാല്‍ സിപിഎമ്മിന്‍റെ ചരിത്രത്തിലാദ്യമായി പാര്‍ട്ടിയെ നയിക്കുന്ന വനിത എന്ന ബഹുമതി ബൃന്ദയ്ക്കു ലഭിക്കും. ത്രിപുരയിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രിയായ മാണിക് സര്‍ക്കാര്‍ മുതിര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗം എന്ന നിലയില്‍ മാത്രമല്ല, സിപിഎമ്മില്‍ അന്യം നിന്നുപോയെന്ന് ആക്ഷേപമുയരുന്ന ലാളിത്യത്തിന്‍റെ പര്യായം കൂടിയാണ്. ശക്തനായ സംഘാടകന്‍ എന്ന നിലയിലും അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ സ്വീകാര്യനാണ്.
ആന്ധ്രയില്‍ നിന്നുള്ള രാഘവലു യെച്ചൂരിയെപ്പോലെ തന്നെ പാര്‍ട്ടിയുടെ ഉന്നത സൈദ്ധാന്തിക മുഖവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുമുള്ള വ്യക്തിയാണ്. പക്ഷേ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അടുത്ത ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതില്‍ ഗണ്യമായ പങ്കു വഹിക്കുക സിപിഎം കേരള ഘടകമായിരിക്കും എന്നതില്‍ തര്‍ക്കമില്ല. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും കേരളത്തിലെ പോലെ സിപിഎം ശക്തമല്ലെന്നതു തന്നെയാണ് കാരണവും.