പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജിന്‍റെ വാലുപിടിച്ചുള്ള ചൂടൻ ചർച്ചകളും രാഷ്‌ട്രീയ കോലാഹലങ്ങളും സൈബറിടത്തിലും മറ്റ് മാധ്യമങ്ങളിലുമെല്ലാം തകൃതിയായി നടക്കുന്നുണ്ട്. സിപിഎം അനുഭാവ പോസ്റ്റുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചുകൊണ്ട് കഴിഞ്ഞ 10 വർഷത്തിലേറെയായി പോരാളി ഷാജി നമ്മുടെ സൈബർ ഇടങ്ങളിൽ കറങ്ങി നടക്കുന്നു. പലതവണ പൂട്ടിയും തുറന്നും ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പേജിന് 76,000ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.
മോഹൻലാൽ, മേജർ രവി, ദിലീപ്, പൃഥ്വിരാജ്, ഫ്ലവേഴ്‌സ് കോമഡി, പിന്നെ ഒന്ന് രണ്ട് ട്രോൾ പേജുകളെ പോരാളി ഷാജി തിരിച്ചും ഫോളോ ചെയ്യുന്നുണ്ട്. പോരാളി ഷാജിയുടെ മുഖമായ ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളുടെ ഘോഷയാത്രയായിരുന്നു.
പോരാളി ഷാജിക്കും ബിജെപിക്കും എന്താണ് ബന്ധം?. പോരാളി ഷാജിയുടെ മുഖം ജനസേന പാർട്ടിയുടെതോ?. അങ്ങനെ കിട്ടാവുന്ന ടൈറ്റിലുകളിൽ ഒക്കെ വാർത്തകൾ നിറയുകയാണ്.
പോരാളി ഷാജിയുടെ പ്രൊഫൈൽ പിക് തെലുഗു സൂപ്പർതാരവും ആന്ധ്രാപ്രദേശ് ഉപ മുഖ്യമന്തിയുമായ 'പവർ സ്റ്റാർ' പവൻ കല്യാണിന്‍റേതാണ്. അത്യാവശ്യം ഇതര ഇന്ത്യൻ ഭാഷ സിനിമകളൊക്കെ കാണുന്ന ഒരാൾക്ക് പവൻ കല്യാണിനെ അറിയാമായിരിക്കും. തെലുഗു സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ സഹോദരൻ കൂടിയാണ് പവൻ കല്യാൺ.
പവൻ കല്യാൺ സിനിമകളും കഥാപാത്രങ്ങളും: പവൻ കല്യാൺ സിനിമകൾ പരിശോധിച്ചാൽ മനസിലാവുന്ന ചില കാര്യങ്ങളുണ്ട്. മിക്ക സിനിമകളിലും തന്‍റേതായ ഐഡന്‍റിറ്റി പിന്തുടരാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നീളൻ മുടി, ഒരേ രീതിയിലുള്ള മീശ, ഒരേ സ്വഭാവം കാത്തുസൂക്ഷിക്കുന്ന വസ്‌ത്രധാരണം, ഒരേ ഹെയർ സ്റ്റൈൽ... അതിപ്പോ കഥാപാത്രം കാമുകൻ ആണെങ്കിലും ഡോൺ ആണെങ്കിലും പൊലീസ് ആണെങ്കിലും കോളജ് വിദ്യർഥി ആണെങ്കിലും അടിമുടി മാറിയുള്ള ഒരു മാറ്റത്തിന് പവൻ കല്യാൺ മുതിർന്നിട്ടില്ല. ചിലപ്പോൾ താടി വയ്‌ക്കും ചിലപ്പോൾ താടിയും ഉണ്ടാകില്ല.
കരാട്ടെ രാജയോ പവൻ കല്യാണോ? ഇതിനിടെ പോരാളി ഷാജിയുടെ മുഖം തമിഴ് നടൻ കരാട്ടെ രാജയുടേതാണെന്ന തരത്തിലും ചർച്ചകൾ ഉയരുന്നുണ്ട്. പോരാളി ഷാജിയുടെ മുഖമായി ഉപയോഗിച്ചിരിക്കുന്ന പവൻ കല്യാണിന്‍റെ ചിത്രത്തിന് തമിഴ് നടൻ കരാട്ടെ രാജയുമായി നല്ല സാമ്യമുണ്ട്. പോക്കിരി, ഗില്ലി തുടങ്ങിയ ചിത്രങ്ങളിലൂടെ ഏവർക്കും സുപരിചിതനാണ് കരാട്ടെ രാജ. പോക്കിരിരാജ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ കൂട്ടാളിയായി അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഒറ്റനോട്ടത്തിൽ പോരാളി ഷാജിയെ കരാട്ടെ രാജയായി തെറ്റിദ്ധരിച്ചവർ ഏറെയാണ്.
ഇനി ഷാജിയുടെ മുഖചിത്രത്തിന് പിന്നിലെ കൗതുകങ്ങൾ അറിയാം. ചുവന്ന ടീ-ഷർട്ട് ധരിച്ച് കൊമ്പൻ മീശയുള്ള പവൻ കല്യാണിന്‍റെ ആ ചിത്രം 2010ൽ റിലീസ് ചെയ്‌ത 'പുലി' എന്ന സിനിമയിലെ ടൈറ്റിൽ പോസ്റ്ററാണ്. ചിത്രത്തിലെ പല രംഗങ്ങളിലും അദ്ദേഹം ഈ ചുവന്ന ടീഷർട്ട് ധരിക്കുന്നുണ്ട്. പ്രധാനമായും റൊമാന്‍റിക് രംഗങ്ങളിലും അമ്മയുമായുള്ള വൈകാരിക രംഗത്തിലും, എന്തോരു വിരോദാഭാസം അല്ലേ?
'പുലി' സിനിമ: പവൻ കല്യാണിന്‍റെ കരിയർ മൊത്തത്തിൽ പരിശോധിച്ചാൽ ലുക്ക് അടിമുടി മാറിയെത്തിയ ചിത്രമായിരുന്നു 'പുലി'. ജൂനിയർ എൻടിആറും പ്രഭാസും അല്ലു അർജുനുമെല്ലാം രണ്ടാംനിര താരങ്ങളായി വാണിരുന്ന തെലുഗു സിനിമയിൽ രാജാക്കന്മാരായിരുന്ന ചിരഞ്ജീവിയുടെയും ബാലകൃഷ്‌ണയുടെയും ആരാധക ബലവും ബോക്‌സ് ഓഫിസ് പവറും തകർത്തെറിഞ്ഞ് മുൻനിരയിലേക്ക് വന്ന താരമായിരുന്നു പവർ സ്റ്റാർ പവൻ കല്യാൺ. 12 കോടി രൂപയ്‌ക്ക് ഗീത ആർട്‌സ് വിലക്കെടുത്ത ചിത്രമായിരുന്നു 'പുലി'. അക്കാലത്തെ ഒരു തെലുഗു സിനിമയ്‌ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഡിസ്‌ട്രിബ്യൂഷൻ തുക.
ഒരു ഇടവേളയ്‌ക്ക് ശേഷം എആർ റഹ്മാൻ തെലുഗുവിലേക്ക് തിരിച്ചെത്തുന്ന ചിത്രം, സംവിധായകൻ ഇപ്പോഴത്തെ വിലപിടിച്ച അഭിനേതാവ് കൂടിയായ എസ് ജെ സൂര്യ. എസ് ജെ എസിന്‍റെ തന്നെ സംവിധാനത്തിലുള്ള വിജയ് ചിത്രം ഖുഷിയുടെ റീമേക്കിൽ പവൻ കല്യാണായിരുന്നു നായകൻ. ഈ സിനിമയുടെ തകർപ്പൻ വിജയത്തിനുശേഷം ഏകദേശം 8 വർഷത്തിനിപ്പുറം ഇരുവരും ഒന്നിക്കുന്ന ചിത്രം... ഇങ്ങനെ പുലിയുടെ സംവിശേഷതകൾ ഏറെയാണ്.
കോമരം പുലി എന്നായിരുന്നു ചിത്രത്തിന്‍റെ ആദ്യ പേര്. തെലുഗു രാഷ്‌ട്ര ഗോത്ര പോരാളിയായിരുന്ന കോമരം ഭീമിന്‍റെ പേര് ദുരുപയോഗം ചെയ്‌തു എന്ന് കാണിച്ച് ചെറുമകൻ കോമരം സോണി റാവു എതിർപ്പ് അറിയിച്ചതോടെ രണ്ടാം ദിവസം കോമരം ഒഴിവാക്കി പുലി എന്ന പേരിൽ റീ സർട്ടിഫിക്കേഷന്‍ ചെയ്‌ത് പ്രദർശനം തുടരുകയായിരുന്നു. എന്നാൽ പവൻ കല്യാണിന്‍റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിൽ ഒന്നായി പുലി മാറി.
ഏറ്റവും വലിയ ആരാധക വൃന്ദം ഉള്ള നടൻ ആയിരുന്നിട്ട് പോലും ആളില്ലാതെ പല ഷോകളും ഹോൾഡ് ഓവറായി. എ ആർ റഹ്മാന്‍റെ സംഗീതമടക്കം രക്ഷയ്‌ക്കെത്തിയില്ല. പവൻ കല്യാണിന്‍റെ കൊമ്പൻ മീശയ്‌ക്കും ഹെയർ സ്റ്റൈലിനും വലിയ പഴിയാണ് കേൾക്കേണ്ടിവന്നത്. അമാനുഷിക രംഗങ്ങൾ കൊണ്ട് സമ്പന്നമായിരുന്ന തെലുഗു സിനിമയിൽ ഒരുതരത്തിലും പ്രേക്ഷകർക്ക് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ദഹിച്ചില്ല.
ആ കാലഘട്ടങ്ങളിൽ അല്ലു അർജുൻ ചിത്രങ്ങൾ മാത്രമായിരുന്നു വ്യാപകമായി മലയാളത്തിലേക്ക് ഡബ്ബ് ചെയ്‌ത് റിലീസ് ചെയ്‌തുകൊണ്ടിരുന്നത്. പുലി പരാജയചിത്രം ആയിരുന്നതിനാൽ തന്നെ ചിത്രത്തെ കുറിച്ച് അതിർത്തിക്കിപ്പുറം അധികമാരും അറിഞ്ഞില്ല. പിൽക്കാലത്ത് സിപിഎമ്മിന്‍റെ സൈബർ വിഭാഗമോ പാർട്ടി അനുഭാവിയൊ ഒരു ഫേസ്ബുക്ക് പേജ് തുടങ്ങാൻ ആഗ്രഹിച്ചപ്പോൾ പേരറിയാത്ത ഒരു നടന്‍റെ മുഖം ഉപയോഗിക്കാമെന്ന് കരുതിക്കാണും. ചിലപ്പോൾ പവർ സ്റ്റാർ പവൻ കല്യാൺ ഒരു വലിയ താരമാണെന്നോ പിൽക്കാലത്ത് ആന്ധ്ര ഉപമുഖ്യമന്ത്രി ആകുമെന്നോ ചിന്തിക്കാതെ ഗൂഗിളിൽ കിട്ടിയ ഒരു പടവുമാകാം.
ALSO READ: പോരാളി ഷാജിയെ പുറത്തു കൊണ്ടുവരാൻ എംവി ജയരാജൻ: പോര് മുറുകുന്നു