തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
12ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, 13ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നാളെ ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 12ന് കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 13ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഓറഞ്ച് അലർട്ടുള്ള പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവലസ്ഥാ വകുപ്പ് അറിയിച്ചു.
Also Read: കാലാവസ്ഥ നിരീക്ഷണത്തിന് കേരളത്തിൽ പുതിയ റഡാർ; വടക്കേ മലബാറിന് പരിഗണന