വയനാട്: ജനാധിപത്യ ഉത്സവത്തെ ഹൃദയത്തിലേറ്റിയ വെള്ളാർമല സ്‌കൂളും ചൂരൽമല അങ്ങാടിയും ഇന്ന് നിശബ്‌ദമാണ്. ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന് ബൂത്തുകളായി ഒരുങ്ങേണ്ടിയിരുന്ന വെള്ളാർമല ഗവ. ജിവിഎച്ച്‌എസ്‌എസിന്‍റെ പുതിയ കെട്ടിടത്തിൽ ഉരുളൊഴുക്കിന്‍റെ അവശേഷിപ്പുകൾ മാത്രം ബാക്കി.
ജൂലൈ 29 രാത്രിയിൽ ഉള്ളുപൊട്ടിയൊഴുകിയ ആ ഓർമയിലേക്ക് മുറിവേറ്റ മനസുമായാണ് വോട്ടുവണ്ടിയിൽ അവർ പോളിങ് ബൂത്തിൽ വന്നിറങ്ങിയത്. വോട്ട് ചെയ്യാനെത്തിയ ഉരുൾപൊട്ടൽ ദുരിതബാധിതരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പൂക്കൾ നൽകി സ്വീകരിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തിയ വോട്ടർമാരിൽ കുറെയേറെപ്പേർ ഇന്ന് ജീവിച്ചിരിപ്പില്ല. വോട്ടർപട്ടികയിൽ അവശേഷിച്ച ബാക്കി പേർ വികാരനിർഭരമായാണ് വോട്ട് ചെയ്യാനെത്തിയത്. രണ്ട് ബൂത്തുകളാണ് അവർക്കായി ക്രമീകരിച്ചിരിക്കുന്നത്. ഭൂരിഭാഗം പേരും നാട് വിട്ടുപോയി. ഉപതെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാമെന്നതിനൊപ്പം ഒരിക്കൽ കൂടി പ്രിയപ്പെട്ടവരെ കാണാമെന്ന സന്തോഷത്തിലാണ് അവരെല്ലാം ചൂരൽമലയിലേക്ക് മടങ്ങിയെത്തിയത്.
തെരഞ്ഞെടുപ്പ് സമയത്ത് വെള്ളാർമല സ്‌കൂളിലെത്തി വോട്ടുചെയ്യുന്നത് അവരിൽ പലരും ഓർത്തെടുത്തു. ജനിച്ച് വളർന്ന നാട്ടിൽ നിന്ന് എല്ലാം നഷ്‌ടപ്പെട്ട്, വോട്ട് ചെയ്യാൻ മാത്രം വന്ന് മടങ്ങുന്നത് ഉൾകൊള്ളാനാകുന്നില്ലെന്ന് ചിലർ പറയുന്നു. വീട് കിട്ടിയാൽ ചൂരൽമലയിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതലും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജനിച്ചുവളർന്ന മണ്ണിൽ തിരിച്ചെത്തിയ സന്തോഷമുണ്ടെങ്കിലും വീടിരുന്ന സ്ഥലം കാണാനുള്ള കെൽപ് ഇല്ലെന്ന് അവർ. ഉറ്റവരൊത്ത് ഒന്നിച്ച് കഴിഞ്ഞ വീട് മൺകൂന മാത്രമായ രംഗം കണ്ടുനിൽക്കാൻ കഴിയില്ലെന്നാണ് അവർ പറയുന്നത്.
ഞങ്ങൾ വോട്ട് ചെയ്‌തു. ആര് ജയിച്ചാലും ഞങ്ങളെ ഒരുമിപ്പിക്കാൻ പുനരധിവാസം അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് മുണ്ടക്കൈ സ്വദേശി ജിജീഷിന്‍റെ ആവശ്യം. ചൂരൽമലക്കാർക്കായി ഒരുക്കിയ മേപ്പാടി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രത്യേക പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയതായിരുന്നു ജിജീഷും കൂട്ടരും. ദുരന്തത്തോടെ താത്ക്കാലിക വീടുകളിലേക്ക് മാറിയ പ്രദേശവാസികൾ ജില്ലാ ഭരണകൂടമേർപ്പെടുത്തിയ പ്രത്യേക വാഹനത്തിലാണ് വോട്ട് ചെയ്യാൻ എത്തിയത്.