തിരുവനന്തപുരം: വയനാട്ടിലെ പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം.
ഫോൺ: 9497900402, 0471 2721566. പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ഉത്തരമേഖല ഐജിയും കണ്ണൂർ ഡിഐജിയും വയനാട് എത്തും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്രമസമാധാനവിഭാഗം എഡിജിപിക്ക് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകി.
കേരള ആംഡ് പൊലീസ് നാല്, അഞ്ച് ബറ്റാലിയനുകൾ, മലബാർ സ്പെഷ്യൽ പൊലീസ് എന്നിവിടങ്ങളിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ വയനാട്ടിലേക്ക് തിരിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും കൂട്ടത്തിലുണ്ട്. മലപ്പുറത്തെ രക്ഷാപ്രവർത്തനങ്ങൾക്കായും പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ ഉടനെ ദുരിത ബാധിത പ്രദേശത്തെ തെരച്ചിൽ സംഘങ്ങൾക്ക് കൈമാറും. ഇതിനായി കൺട്രോൾ റൂമിൽ ആവശ്യത്തിന് പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.