തിരുവനന്തപുരം : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടില്‍ നിന്നും സംഭാവന നല്‍കാൻ അനുമതി. ഇതു സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ഉത്തരവിറക്കി. തുക അതാത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാം. തദ്ദേശ സ്വയം ഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അനുപമ ടി വിയാണ് ഉത്തരവിറക്കിയത്.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടില്‍ നിന്നും തുക വകയിരുത്താമെന്ന് കഴിഞ്ഞ ദിവസം തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷും പറഞ്ഞിരുന്നു. എന്നാല്‍ ഉത്തരവിറക്കാത്തതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മറ്റ് നടപടികളിലേക്ക് കടക്കാനായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നത്. ഉത്തരവിന് പിന്നാലെ തിരുവനന്തപുരം നഗരസഭ സംഭാവന നല്‍കാനുള്ള കാര്യങ്ങളടക്കം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ യോഗവും ചേരുന്നുണ്ട്.
Also Read: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹം; ബെവ്‌കോ നല്‍കിയത് 1 കോടി