വയനാട്: വയനാട് ഉരുൾപൊട്ടലിൽ മരണ സംഖ്യ 370 ആയി. നിലവിൽ 206 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്ന് ചാലിയാർ പുഴയിൽ നിന്ന് ഒരു മൃതദേഹവും രണ്ട് മൃതദേഹാവശിഷ്‌ടവുമാണ് കണ്ടെടുത്തത്. അതേസമയം മുണ്ടക്കൈയിൽ റഡാർ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്. മൃതദേഹങ്ങൾ ഉണ്ടെന്ന് സംശയിക്കുന്ന ഇടങ്ങളിൽ കെഡാവർ നായ്ക്കളെ ഉയോഗിച്ചും പരിശോധ നടക്കുന്നുണ്ട്.
ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാത്തവർക്കായുള്ള തെരച്ചില്‍ ആറാം ദിവസമാണ് പുരോഗമിക്കുന്നത്. ആറ് സംഘങ്ങളായി 1264 പേരാണ് തെരച്ചിൽ നടത്തുന്നത്. മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമുട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റഡാറുകൾ അടക്കമുള്ള സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്.
അതേസമയം തിരിച്ചറിയാത്ത 67 മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന്നതിനായുള്ള ക്രമീകരണങ്ങളും ഒരുക്കങ്ങളും തുടരുകയാണ്. ഹാരിസൺസ് മലയാളം ലിമിറ്റഡിന്‍റെ 64 സെന്‍റ് ഭൂമിയിലാണ് മൃതദേഹങ്ങൾ സംസ്‌കരിക്കുക. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അളന്ന് ചിട്ടപ്പെടുത്തിയ ശേഷമാണ് സംസ്‌കാര ചടങ്ങുകൾക്കായുള്ള നടപടികൾ ആരംഭിച്ചത്. വൈകീട്ട് നാലുമണിയോട് കൂടി സംസ്ക്കാര ചടങ്ങുകൾ നടത്താനാകുമെന്നാണ് പ്രതീക്ഷ. വിവിധ മത പ്രാർത്ഥനകളോടു കൂടിയാണ് സംസ്‌കാര ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.