വയനാട്: സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്‌ധ സംഘം വയനാട്ടിലെ ദുരന്ത മേഖലകളില്‍ പരിശോധന ആരംഭിച്ചു. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ അഞ്ചംഗ സംഘമാണ് ഇന്ന് (ഓഗസ്റ്റ് 13) ഉച്ചവരെ സ്ഥലത്ത് പരിശോധന നടത്തിയത്. മുതിര്‍ന്ന ശാസ്ത്രജ്ഞൻ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഉരുള്‍പൊട്ടലിൻ്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും സംഘം വിശദമായ പരിശോധനക്ക് വിധേയമാക്കി. പ്രദേശത്തെ മണ്ണിൻ്റെയും പാറകളുടെയും സാമ്പിളുകള്‍ ശേഖരിച്ചു. ദുരന്തം സംഭവിച്ചതെങ്ങനെയെന്നും ഉരുള്‍പൊട്ടലില്‍ സംഭവിച്ച പ്രതിഭാസങ്ങളും സംഘം വിലയിരുത്തും. ദുരന്ത പ്രദേശത്തെയും അനുബന്ധ മേഖലകളിലേയും അപകട സാധ്യതകൾ വിലയിരുത്തുന്ന സംഘം സർക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ദുരന്ത മേഖലയിൽ പ്രതികൂല കാലാവസ്ഥയായതിനാൽ ഉച്ചയ്ക്ക് ശേഷം പരിശോധന അവസാനിപ്പിച്ചു. ഓഗസ്റ്റ് 15 വരെ പരിശോധന തുടരുമെന്നാണ് ലഭിക്കുന്ന വിവരം. സെൻ്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ വാട്ടര്‍ റിലേറ്റഡ് ഡിസാസ്റ്റര്‍ മാനേജ്മെൻ്റ് (സിഡബ്ല്യൂആര്‍ഡിഎം) പ്രിന്‍സിപ്പല്‍ സയൻ്റിസ്റ്റും മേധാവിയുമായ ഡോ.ടികെ ദൃശ്യ, സൂറത്ത്കല്‍ എന്‍ഐടി അസോസിയറ്റ് പ്രൊഫസര്‍ ഡോ. ശ്രീവത്സ കൊളത്തയാര്‍, ജില്ല മണ്ണ് സംരക്ഷണ ഓഫിസര്‍ താര മനോഹരന്‍, കേരള ദുരന്ത നിവാരണ അതോറിറ്റി ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് ജിഎസ് പ്രദീപ് എന്നിവരാണ് വിദഗ്‌ധ സംഘത്തിലുള്ളത്.
Also Read: കുഞ്ഞു നൈസയുടെ മുഴുവന്‍ ചെലവുകളും ഏറ്റെടുക്കുമെന്ന് വിഡി സതീശന്‍