തൃശൂര്‍: ഓരോ ദുരന്തങ്ങളും ഓരോ ഓര്‍മപ്പെടുത്തലുകളാണ്. ഏതാനും നാളുകള്‍ക്ക് മുമ്പ് വയനാട്ടിലെ ഒരുപ്പറ്റം ജനങ്ങള്‍ക്ക് മേല്‍ വന്നു പതിച്ച ഉരുള്‍ രാജ്യത്തെയാകെയുലച്ചു. പൊടുന്നനെ വന്ന് പതിച്ച ദുരന്തം നൂറുക്കണക്കിനാളുകളുടെ ജീവന്‍ കവര്‍ന്നു.
വെള്ളരിപ്പാറയില്‍ നിന്നും തുടങ്ങി നിമിഷ നേരം കൊണ്ട് മുണ്ടക്കൈയും ചൂരല്‍മലയുമെല്ലാം അത് തകര്‍ത്തെറിഞ്ഞു. ദുരന്തത്തിന്‍റെ ഈ വ്യാപ്‌തി മനസിലാക്കാനായി മിനിയേച്ചര്‍ തയ്യാറാക്കിയിരിക്കുകയാണ് ചിത്രക്കാരനായ ഡാവിഞ്ചി സുരേഷ്. 16 അടി നീളത്തിലും നാലടി വീതിയിലുമാണ് ഈ മിനിയേച്ചര്‍ ഒരുക്കിയിരിക്കുന്നത്.
ദുരന്തം തകര്‍ത്ത വെള്ളരിപ്പാറയും പുഞ്ചിമട്ടവും മുണ്ടക്കൈയും ചൂരല്‍മലയുമെല്ലാം ഇതിലുണ്ട്. ദുരന്തമുഖത്തെ ഏഴ് കിലോമീറ്ററുകളിലെ മുഴുവന്‍ കാഴ്‌ചകളും ഇവിടെ കാണാനാകും. ദുരന്തം വന്നു പതിച്ച വെള്ളാര്‍മല സ്‌കൂളും തകര്‍ന്ന ശിവ ക്ഷേത്രത്തിന്‍റെ മുറ്റത്തുണ്ടായിരുന്ന ആല്‍മരവും ദുരന്തത്തിന് പിന്നാലെയെത്തിയ ഹെലികോപ്‌റ്ററുകളും ഇവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്.
സ്‌ക്വയര്‍ പൈപ്പുകള്‍ പ്ലൈവുഡ്, ഫോറെക്‌സ് ഷീറ്റ്, പോളിഫോം, യുഫോം ഫൈബര്‍, അലങ്കാരച്ചെടികള്‍, ചെറിയ കല്ലുകള്‍, കളിക്കോപ്പുകള്‍ എന്നിവയെല്ലാം ഉപയോഗിച്ചാണ് മിനിയേച്ചറിന്‍റെ നിര്‍മാണം. അഞ്ച് ദിവസം കൊണ്ടാണ് മിനിയേച്ചര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഡാവിഞ്ചിയുടെ സുഹൃത്ത് സിമ്പാദും നിര്‍മാണത്തിന് സഹായിയായി ഉണ്ടായിരുന്നു.
ഈ നിര്‍മാണത്തിന് പിന്നില്‍ മറ്റൊരു പ്രധാന ലക്ഷ്യം കൂടി ഡാവിഞ്ചിക്കുണ്ട്. ദുരന്തം തകര്‍ത്തവര്‍ക്ക് കൈതാങ്ങാവുക. ദുരിതാശ്വാസ നിധിയിലേക്കുള്ള ധനാസമാഹരണത്തിന് വേണ്ടിയാണ് ഡാവിഞ്ചി മിനിയേച്ചര്‍ ഒരുക്കിയത്. ദുരന്ത ബാധിതരെ ചേര്‍ത്ത് പിടിച്ച കേരളം ഇതും ഏറ്റെടുക്കുമെന്നാണ് ഡാവിഞ്ചിയുടെ പ്രതീക്ഷ.
Also Read: കാണാതായവർക്ക് വേണ്ടി ഇന്നും...; ദുരന്തബാധിത പ്രദേശങ്ങളിൽ ജനകീയ തെരച്ചിൽ