കോഴിക്കോട് : റേഡിയോ കോളർ ഘടിപ്പിച്ച ഒരു കാട്ടാന വീട്ടുമുറ്റത്ത് വച്ച് ഒരു മനുഷ്യനെ ചവിട്ടി കൊല്ലുന്നു. ഇതുവരെ കാണാത്ത നടുക്കുന്ന കാഴ്‌ച. ആരാണ് യഥാർഥത്തിൽ പ്രതി സ്ഥാനത്ത്. ആനയോ, നിരീക്ഷിക്കാൻ വിമുഖത കാണിച്ച കർണാടക വനം വകുപ്പോ, അതോ നമ്മുടെ ഡിപ്പാർട്ട്മെന്‍റോ.
എന്താണ് റേഡിയോ കോളർ ?: ഇടുക്കിയിലെ നിന്നും തമിഴ്‌നാട്ടിലെ വനത്തിലേക്ക് വിട്ടയച്ച അരിക്കൊമ്പനിൽ ഘടിപ്പിച്ചതോടെയാണ് റേഡിയോ കോളറിന്‍റെ പ്രാധാന്യം ജനങ്ങൾ മനസിലാക്കിയത്. ഒരു പക്ഷേ കേരളത്തിൽ ഒരു ആനയ്‌ക്ക് റേഡിയോ കോളർ ഘടിപ്പിക്കുന്നതും ആദ്യമായിട്ടാണ്. എന്നാൽ കർണാടകയിൽ നിരവധി ആനകൾക്ക് റേഡിയോ കോളർ ഘടിപ്പിച്ചതായാണ് വിവരം.
വന്യമൃഗത്തിന്‍റെ ലൊക്കേഷൻ മനസിലാക്കാൻ കഴിയുന്ന ജിപിഎസ് സിസ്റ്റവും വന്യമൃഗം എന്ത് ചെയ്യുന്നു എന്നറിയാനുളള ജിഎസ്എം യൂണിറ്റും അടങ്ങുന്നതാണ് റേഡിയോ കോളറുകൾ. റബറിന്‍റെ ആവരണമുള്ളതും ഏകദേശം എട്ട് കിലോ ഭാരമുള്ളതുമായ ഇവ ആനയുടെ കഴുത്തിൽ ഘടിപ്പിക്കും. അഞ്ച് മുതൽ പത്ത് വർഷം വരെ നിലനിൽക്കുന്ന ബാറ്ററിയാണ് ഇതിൽ സ്ഥാപിക്കുക. മൃഗങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട് 1964ലാണ് അമേരിക്കയിൽ ആദ്യമായി റേഡിയോ കോളർ സംവിധാനം ഉപയോഗിച്ചത്.
വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്‍റെ സഹകരണത്തോടെ ഇന്ത്യയിൽ 2021ലാണ് അസമിലെ സോനിത്പൂർ ജില്ലയിൽ ആദ്യമായി ഒരു കാട്ടാനക്ക് റേഡിയോ കോളർ ഘടിപ്പിച്ചത്. അഞ്ച് ലക്ഷം വരെയാണ് ഇതിന്‍റെ വില. റേഡിയോ കോളറിൽ നിന്നുള്ള തരംഗങ്ങൾ സ്വീകരിക്കാൻ ഒരു റിസീവറും അതില്‍ ഉണ്ടാകും.
ഇത് ഒരു കോഡ് ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുക. എന്നാൽ കുട്ട വഴിയോ മുത്തങ്ങ വഴിയോ കേരളത്തിലെത്തിയ ആനയുടെ സഞ്ചാരദിശ മനസിലാക്കുന്ന വിവരങ്ങളോ, നിരീക്ഷണ കോഡോ കർണാട കൈമാറിയില്ല എന്നതാണ് ആക്ഷേപം. മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിച്ച ആന കൊമ്പനാണോ പിടിയാണോ മോഴയാണോ എന്ന് വ്യക്തമാക്കും. ഒരു പേര് നൽകും ചുരുങ്ങിയത് ഈ ആനക്ക് ഒരു നമ്പർ എങ്കിലും ഉണ്ടാവും. ആ വിവരങ്ങളൊക്കെ എവിടെ?
കേരളത്തിനും ആവാമെന്ന് കർണാടക: ആഫ്രിക്കൻ ആനകളിൽ ഘടിപ്പിക്കുന്ന റേഡിയോ കോളറുകളാണ് തങ്ങൾ ഉപയോഗിക്കുന്നതെന്നാണ് കർണാടകയുടെ വിശദീകരണം. അത് ഇന്‍റർനെറ്റ് വഴി ആർക്കും ട്രാക്ക് ചെയ്യാമെന്നും ന്യായീകരിക്കുന്നു. എന്നാൽ ആന ഏതാണെന്ന് മാത്രം അവർക്ക് അറിയില്ല പോലും.
തണ്ണീർ കൊമ്പന് പിന്നാലെ വയനാട്ടിൽ ഒരു ആന കൂടി ഇറങ്ങിയിട്ടുണ്ടെന്ന് ഉത്തര മേഖല സിസിഎഫ് വാർത്ത സമ്മേളനം മുന്നിറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ അതിന്‍റെ തുടർ നടപടിയിൽ വീഴ്‌ച സംഭവിച്ചതാണ് ഒരു ജീവൻ പൊലിയാൻ കാരണമായി വിലയിരുത്തപ്പെടുന്നത്. ആനയുടെ നീക്കങ്ങൾ സാറ്റലൈറ്റ് വഴിയാണ് കേരളം നിരീക്ഷിച്ചത്.
Also Read: അജിയുടെ ജീവനെടുത്ത ആനയെ വെടിവച്ചു കൊല്ലണം, മാനന്തവാടിയില്‍ വന്‍ പ്രതിഷേധം; നിരോധനാജ്ഞ
രണ്ട് മണിക്കൂർ ഇടവേളയിലാണ് ഇതിന്‍റെ വിവരങ്ങൾ ലഭിക്കുക. അപ്പോഴേക്കും ആനയുടെ സഞ്ചാരപാതയിൽ കിലോമീറ്ററുകളുടെ അന്തരം ഉണ്ടായേക്കാം. എന്നാൽ റേഡിയോ കോളർ ഘടിപ്പിച്ച ഒരാന നാട്ടിൽ ഇറങ്ങി എന്നറിഞ്ഞിട്ടും നമ്മുടെ വനം റവന്യൂ വകുപ്പുകൾ വിശദാംശങ്ങൾ തേടിയില്ലേ? ഇല്ലെന്നാണ് ഇതിനുള്ള മറുപടിയെങ്കില്‍ കുറ്റകരമായ അനാസ്ഥ തന്നെയാണ് അതും.