വയനാട് : കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരമായി തിങ്കളാഴ്‌ച കൈമാറും. മാനന്തവാടി സബ് കലക്‌ടറുടെ കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. യോഗത്തില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും.
ബാക്കിയുള്ള നാല്‍പത് ലക്ഷം രൂപ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിലേക്ക് അനുകൂല ശുപാര്‍ശ നടത്തും. ഈ തുക നേടിയെടുക്കാന്‍ എംഎല്‍എമാര്‍ പ്രയത്‌നിക്കും. കുടുംബത്തിന്‍റെ മുഴുവന്‍ കടബാദ്ധ്യതയും എഴുതി തള്ളണമെന്ന ആവശ്യവും സര്‍ക്കാരിനെ അറിയിക്കും. അജിയുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വനം വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. ഭാര്യക്ക് സ്ഥിരം ജോലി നല്‍കും.
ആനയെ മയക്കുവെടിവച്ച് പിടിച്ച് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്. മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു, സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്‌ണന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്, സംഷാദ് മരക്കാര്‍, ജില്ല കലക്‌ടര്‍, വയനാട് ജില്ല പൊലീസ് മേധാവി, ഉത്തര മേഖല സിസിഎഫ്, സബ് കലക്‌ടര്‍, അജിയുടെ ബന്ധുക്കള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മാനന്തവാടി രൂപത പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
സർവകക്ഷി യോഗത്തിൽ ബന്ധുക്കളുടെ ആവശ്യം ആദ്യം അംഗീകരിക്കാത്തതിനെ തുടർന്ന് പ്രതിഷേധം ശക്തമായിരുന്നു. ആനയെ വെടിവച്ച് കൊല്ലണമെന്നും 50 ലക്ഷം രൂപ നഷ്‌ട പരിഹാരം നല്‍കണമെന്നും ബന്ധുവിന് സ്ഥിരം ജോലി നല്‍കണമെന്നുമാണ് ബന്ധുക്കൾ ആവശ്യപ്പെട്ടത്.
അതേസമയം അജിയുടെ സംസ്‌കാരം നാളെ വൈകിട്ട് 3 മണിയോടെ നടക്കും. രാവിലെ 6 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടക്കും. തുടര്‍ന്ന് 8.30 ഓടെ മൃതദേഹം വീട്ടിലെത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനം നടക്കും.