കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെ കല്‍പ്പറ്റയിലെ പോളിങ് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയെ പൊതിഞ്ഞ് വോട്ടര്‍മാര്‍. കല്‍പ്പറ്റയിലെ സെന്‍റ് ജോസഫ് സ്‌കൂളിലെ പോളിങ് ബൂത്തിലെത്തിപ്പോഴായിരുന്നു വോട്ടര്‍മാര്‍ പ്രിയങ്കയുടെ അടുത്തേക്ക് ഓടിയെത്തുകയും ആലിംഗനം ചെയ്യുകയും സ്‌നേഹ പ്രകടനം നടത്തുകയും ചെയ്‌തത്.
വയനാട്ടിലെ എല്ലാ ജനങ്ങളും വോട്ട് ചെയ്യണമെന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. വയനാട്ടിലെ ജനങ്ങള്‍ തനിക്ക് ഒരു അവസരം നല്‍കണമെന്നും തന്നെ വിജയിപ്പക്കണമെന്നും, എന്നും വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, വഖഫ് ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കാൻ പ്രിയങ്ക ഗാന്ധി തയ്യാറായില്ല. തെരഞ്ഞെടുപ്പ് ദിവസം വിവാദങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്ന് അവര്‍ വ്യക്തമാക്കി.
ജനങ്ങളോട് വോട്ട് ചെയ്യാൻ അഭ്യര്‍ഥിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ നേരത്തെ രംഗത്തെത്തിയിരുന്നു. വോട്ടിലൂടെ നിങ്ങൾ രേഖപ്പെടുത്തുന്ന നിലപാടാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ കരുത്തെന്നും, വയനാടിന്‍റെ ഭാവിക്കായി നമുക്കൊരുമിച്ച് കൈകോർത്ത് മുന്നേറാമെന്നും പ്രിയങ്ക വ്യക്തമാക്കി.
'വയനാട്ടിലെ എന്‍റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി പറയുന്നു. ഇന്നാണ് ജനാധിപത്യത്തിന്‍റെ വിധിയെഴുത്ത് ദിനം. നിങ്ങളെല്ലാവരും പോളിങ് ബൂത്തിലെത്തി വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു. വോട്ടിലൂടെ നിങ്ങൾ രേഖപ്പെടുത്തുന്ന നിലപാടാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ കരുത്ത്. വയനാടിന്‍റെ ഭാവിക്കായി നമുക്കൊരുമിച്ച് കൈകോർത്ത് മുന്നേറാം' എന്ന് പ്രിയങ്ക കുറിച്ചിരുന്നു.
അതേസമയം, വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. ആദ്യ 3 മണിക്കൂർ പിന്നിട്ടപ്പോൾ 20 ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തി. വയനാട് മണ്ഡലത്തില്‍ 30 ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരൽമലയിൽ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ട് ബൂത്തുകള്‍ പ്രദേശത്തും 11ാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിങ്ങ് ബൂത്ത് ഏര്‍പ്പെടുത്തി.
രാവിലെ 7 മണി മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 16 സ്ഥാനാർഥികളാണ് വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. ആകെ 14,71,742 വോട്ടർമാരാണുള്ളത്. രാഹുൽ ഗാന്ധിയ്ക്ക് പകരം വയനാട്ടിലേക്ക് മത്സരിക്കാൻ പ്രിയങ്കാ ഗാന്ധിയെത്തിയതോടെ മണ്ഡലം ഇത്തവണയും ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. സിപിഐയ്ക്കായി സത്യൻ മൊകേരിയും ബിജെപിയ്ക്കായി നവ്യ ഹരിദാസും ജനവിധി തേടുന്നു.