ആലപ്പുഴ : കനത്തമഴയും കിഴക്കന്‍ വെള്ളത്തിന്‍റെ വരവും വർധിച്ചതോടെ അപ്പര്‍ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. തലവടി പഞ്ചായത്തിലെ നിരവധി വീടുകളിൽ വെള്ളം കയറി. പമ്പാനദിയിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.
തലവടി പഞ്ചായത്ത് മൂന്നാം വാർഡിൽ പൂന്തുരുത്തി, നാലാം വാർഡ് നെരവംതറ, 7-ാം വാർഡ് കുന്നുമ്മാടി - കുതിരച്ചാൽ, 10-ാം വാർഡ് മണലേൽ അംബേദ്‌കർ കോളനി, 11-ാം വാർഡ് പുലിത്തട്ട എന്നീ പ്രദേശങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്. മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ നിരണം, തലവടി, എടത്വാ, തകഴി, വീയപുരം എന്നീ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. മുട്ടാർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ ജനജീവിതം ദുസഹമായി തീർന്നു.
തലവടി, മുട്ടാർ പ്രദേശത്തെ നദികളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. മഴ നീണ്ടുനിന്നാൽ തലവടിയിലെ ഒട്ടുമിക്ക വീടുകളും വെള്ളത്തിൽ മുങ്ങും. കുന്നുമ്മാടി - കുതിരച്ചാൽ നിവാസികളാണ് മഴയിൽ ഏറെ ദുരിതം അനുഭവിക്കുന്നത്. അപ്പർ കുട്ടനാട്ടിൽ ആദ്യം വെള്ളത്തിൽ മുങ്ങുന്ന പ്രദേശമെന്നിരിക്കേ ഇവിടുത്തെ താമസക്കാരെ ക്യാമ്പുകളിലേക്ക് മറ്റേണ്ടിവരും.
ചൊവ്വാഴ്‌ച മുതലാണ് നദികളിൽ പൊടുന്നനേ ജലനിരപ്പ് ഉയർന്നത്. ഏതാനും ദിവസങ്ങളായി ഇടവിട്ട് ശക്തമായ മഴ പ്രദേശത്ത് ലഭിക്കുന്നുണ്ടായിരുന്നെങ്കിലും ജലനിരപ്പിന് കാര്യമായ മാറ്റം കണ്ടിരുന്നില്ല. ചൊവ്വാഴ്‌ച ഉച്ചയോട് കൂടിയാണ് ജലനിരപ്പ് ഉയർന്ന് വീടുകളിൽ വെള്ളം കയറിയത്.
രണ്ട് ദിവസം മുൻപുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് തലവടിയിലെ നിരവധി വീടുകൾക്ക് നാശം സംഭവിച്ചിരുന്നു. മഴ നീണ്ടുനിന്നാൽ അപ്പർ കുട്ടനാട് മുങ്ങാനാണ് സാധ്യത.
ALSO READ : ദുരിത പെയ്‌ത്ത്: ഇടുക്കിയിൽ വ്യാപക നാശനഷ്‌ടം, ദുരന്ത ബാധിതരെ മാറ്റി പാർപ്പിച്ചു