ഇടുക്കി : കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്ത് വൻതോതിൽ മാലിന്യ നിക്ഷേപം. മൂന്നാർ-ബോഡിമെട്ട് പാതയോരത്ത് ആനയിറങ്കലിന് സമീപമാണ് മാലിന്യ കൂമ്പാരം. ചാക്കിൽ കെട്ടിയാണ് മാലിന്യം തള്ളിയിരിയ്ക്കുന്നത്.
വഴിയോര കച്ചവടം നടത്തുന്നവരാണ് ഇതിനു പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം. മൂന്നാർ മേഖലയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളെ മടുപ്പിക്കും വിധമാണ് മാലിന്യങ്ങൾ ദേശീയപാതയിൽ നിക്ഷേപിച്ചിരിക്കുന്നത്. ആനയിറങ്കലിനും പെരിയകനാലിനും ഇടയിൽ ദേശീയപാതയോരത്ത് നിരവധി സ്ഥലങ്ങളിലാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.
മേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ചാക്കിൽ കെട്ടിയ നിലയില്‍ വൻ തോതിൽ മാലിന്യം തള്ളിയിട്ടുണ്ട്. ഭക്ഷണ അവശിഷ്‌ടങ്ങളും പ്ലാസ്റ്റിക്കും അടക്കമുള്ള മാലിന്യങ്ങളുമാണ് തള്ളിയിരിയ്ക്കുന്നത്. നിരവധി വിനോദ സഞ്ചാരികൾ കടന്നു പോകുന്ന മേഖലയിലാണ് മാലിന്യ നിക്ഷേപം.
സമീപത്തെ വഴിയോര വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമാണ് മാലിന്യം പൊതു സ്ഥലത്ത് നിക്ഷേപിയ്ക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. സിസിടിവി കാമറകൾ സ്ഥാപിച്ച് മാലിന്യ നിക്ഷേപകരെ കണ്ടെത്തണമെന്നും നടപടി സ്വീകരിയ്ക്കണമെന്നുമാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.