കോഴിക്കോട്: ചെറൂപ്പ സദ്ഭാവന റോഡിൻ്റെ അവസ്ഥ മുൻപ് ഇങ്ങനെയായിരുന്നില്ല. സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നത് കാരണം പ്രദേശവാസികൾക്ക് മൂക്ക് പൊത്താതെ ഇതുവഴി സഞ്ചരിക്കുക പോലും പ്രയാസമായിരുന്നു. ഇതോടെ റോഡിൻ്റെ ഇരുവശത്തെയും ചുമരുകളിൽ മനോഹരമായ ചിത്രങ്ങൾ വരച്ചാണ് മാലിന്യത്തിനെതിരെയുള്ള പോരാട്ടം ആരംഭിച്ചത്.
സദ്ഭാവന റസിഡൻഷ്യൽ അസോസിയേഷൻ പ്രവർത്തകർ ഒരുമിച്ച് കൂടിയാണ് മാലിന്യത്തിനെതിരെ ഇങ്ങനെയൊരാശയം പ്രാവർത്തികമാക്കിയത്. അസോസിയേഷന് കീഴിലുള്ള മുപ്പതോളം കുട്ടികളാണ് അവരുടെ കലാവൈഭവം ഈ ചുമരുകളിൽ പകർത്തുന്നത്. കൂടാതെ കലാമികവുള്ള അമ്മമാരും കുട്ടികൾക്ക് പ്രചോദനവുമായി ഒപ്പം നിൽക്കുന്നുണ്ട്. വരക്കാനാവശ്യമുള്ള പെയിന്‍റും ബ്രഷും മറ്റ് സൗകര്യങ്ങളും അസോസിയേഷനാണ് നൽകുന്നത്.
കുട്ടികളുടെ മനസിൽ ഉദിക്കുന്ന എന്ത് ആശയങ്ങളും വരക്കാം എന്നതാണ് ഇവിടത്തെ പ്രത്യേകത. മാലിന്യത്തിനെതിരെയുള്ള പോരാട്ടത്തിനൊപ്പം കുട്ടികളുടെ കലാമികവ് കണ്ടെത്താനാകും എന്നൊരു കാര്യം കൂടി ഈ വേറിട്ട പ്രവർത്തനത്തിനുണ്ട്. സദ്ഭാവനയുടെ മാലിന്യത്തിനെതിരെയുള്ള ഈ വ്യത്യസ്‌ത ആശയത്തെക്കുറിച്ച് കേട്ടറിഞ്ഞ് നിരവധി പേരാണ് കുട്ടികളുടെ കലാമികവ് കാണാൻ ഇവിടെയെത്തുന്നത്.
ചുമരുകളിൽ വ്യത്യസ്‌തമായ മികച്ച ചിത്രങ്ങൾ സ്ഥാനം പിടിച്ചതോടെ ഇപ്പോൾ മാലിന്യ നിക്ഷേപം നന്നെ കുറഞ്ഞിട്ടുണ്ട്. സദ്ഭാവനയുടെ
ഈ സദുദ്ദേശ്യം വലിയ വിജയമായതോടെ മാലിന്യത്തിനെതിരെയുള്ള ഇത്തരം പോരാട്ടങ്ങൾ ആർക്കും മാതൃകയാക്കാവുന്നതാണ്.