തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ പ്രക്രിയയില്‍ നേരിട്ട് പങ്കെടുത്തവരുടെ അന്തിമ ശതമാനത്തില്‍ ഇനിയും മാറ്റം വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇന്നലെ രാത്രി വൈകിയും നിരവധിയിടങ്ങളില്‍ വോട്ടിങ് തുടര്‍ന്നു. ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് 71.16 ശതമാനമാണ്. വീട്ടിലെ വോട്ടും തപാല്‍ വോട്ടും പരിഗണിക്കാതെയാണ് ഈ കണക്ക്.
ഇവിഎം മെഷീനുകള്‍ വഴി രേഖപ്പെടുത്തിയ വോട്ടുകള്‍ മാത്രം തിട്ടപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിലവിലുള്ള ശതമാന കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് രാവിലെ 10 മണിക്ക് ശേഷം തപാല്‍ വോട്ടുകളും വീട്ടിലെ വോട്ടുകളും കൂടി കണക്കിലെടുത്ത് അന്തിമ കണക്ക് മണ്ഡലങ്ങള്‍ തിരിച്ച് പുറത്തുവിടുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
2019ല്‍ 77.84 ശതമാനമായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ പോളിങ് ശതമാനം. തപാല്‍ വോട്ടുകളും വീട്ടിലെ വോട്ടുകളും കൂടി എണ്ണിയാലും ഇത് മറികടക്കാന്‍ സാധ്യതയില്ല. വൈകിട്ട് ആറ് മണിക്ക് മുന്‍പ് പോളിങ് ബൂത്തിലെത്തുന്നവര്‍ക്ക് എത്ര വൈകിയാലും വോട്ട് ചെയ്യാന്‍ അവസരം നല്‍കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് ആകെയുള്ള 25,231 ബൂത്തുകളില്‍ 6000ത്തിലധികം കേന്ദ്രങ്ങളില്‍ 6 മണിക്ക് ശേഷവും പോളിങ് തുടര്‍ന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ വോട്ടിങ് ഔദ്യോഗികമായി പൂര്‍ത്തിയാക്കിയത് രാത്രി 11 മണിക്കാണ്.
വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം 140 കലക്ഷന്‍ സെന്‍ററുകളിലായി വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ച ശേഷം 20 സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റി. ജൂണ്‍ 4 ന് വോട്ടെണ്ണല്‍ ദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മാത്രമേ ഇനി സ്‌ട്രോങ് റൂമുകള്‍ തുറക്കൂ. എല്ലാ സ്‌ട്രോങ് റൂമുകളും കേന്ദ്ര സാധുധ സേനകളുടെ കാവലിലാണ്.
ALSO READ: വോട്ടർ പട്ടികയിൽ ലിംഗം മാറി; സ്ത്രീ വേഷത്തിൽ എത്തി പ്രതിഷേധിച്ച് പുരുഷ വോട്ടർ