പത്തനംതിട്ട : നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വോളിബോള്‍ കളിച്ച് പ്രതിഷേധിച്ച് യുഡിഎഫ്. ജില്ല സ്റ്റേഡിയത്തിന്‍റെ പുനര്‍ നിര്‍മാണോദ്ഘാടനം തെരഞ്ഞെടുപ്പ് തട്ടിപ്പെന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് പ്രതിഷേധം. വോളിബോള്‍ പ്രതിഷേധത്തിന് പിന്നാലെ ഇരുപാര്‍ട്ടികളും തമ്മില്‍ വാക്കേറ്റമുണ്ടായി.
യുഡിഎഫ് പ്രതിഷേധം തടയാന്‍ ശ്രമിച്ചതോടെയാണ് ഇരുപാര്‍ട്ടികളും തമ്മില്‍ വാക്കേറ്റമുണ്ടായത്. പ്രതിപക്ഷത്തിന്‍റെ വോളിബോൾ പ്രതിഷേധമാണ് ഭരണകക്ഷി അംഗങ്ങളെ ചൊടിപ്പിച്ചത്. അതാണ് വാക്കേറ്റത്തിലും പിന്നീട് കയ്യാങ്കളിയിലും കലാശിച്ചത്.
പത്തനംതിട്ട ജില്ല സ്റ്റേഡിയം പുനർ നിർമിക്കുമെന്ന് എല്‍ഡിഎഫ് വാഗ്‌ദാനം നല്‍കിയിരുന്നെങ്കിലും അത് പ്രാവർത്തികമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് യോഗത്തില്‍ യുഡിഎഫ് കൗണ്‍സിലർമാർ വോളിബോള്‍ കളിച്ച് പ്രതിഷേധം അറിയിച്ചത്. ജില്ല സ്റ്റേഡിയം ഉന്നത നിലവാരത്തില്‍ പുനർ നിർമിക്കുന്നുവെന്ന് പറഞ്ഞ് മന്ത്രിമാർ ചേർന്ന് ഉദ്ഘാടനം നടത്തിയിരുന്നു. എന്നാല്‍ മന്ത്രിമാർ ചേർന്ന് നടത്തിയ ഉദ്ഘാടനം വെറും തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം.
നിര്‍മാണത്തിന്‍റെ പേര് പറഞ്ഞ് ഊരാളുങ്കല്‍ വഴി വന്‍ അഴിമതിക്കാണ് എല്‍ഡിഎഫ് വഴിയൊരുക്കുന്നതെന്നും യുഡിഎഫ് പറഞ്ഞു. അതേസമയം യുഡിഎഫ് വികസനങ്ങള്‍ക്ക് എതിരാണെന്ന് എല്‍ഡിഎഫ് കുറ്റപ്പെടുത്തി.