തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ആദ്യമായി എത്തിയ മദർ ഷിപ്പ് സാൻ ഫെർണാണ്ടോ മടങ്ങുക നാളെ. കപ്പലിനെ സ്വീകരിക്കാൻ തുറമുഖത്ത് ഒരുക്കങ്ങൾ സർവ്വ സജ്ജം. രാവിലെ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാകും മദർ ഷിപ്പിനെ സ്വീകരിക്കുക.
5000 ത്തിലധികം പേർക്ക് ഇരിക്കാവുന്ന വേദിയാണ് കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിനായി വിഴിഞ്ഞം തുറമുഖത്ത് ഒരുക്കിയിട്ടുള്ളത്. കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനാവാൾ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ സംസ്ഥാനത്തെ മന്ത്രിമാരും കേന്ദ്ര മന്ത്രിമാരും പങ്കെടുക്കും. സ്വീകരണ ചടങ്ങിന് ശേഷം ഇന്ന് വൈകിട്ടോടെ കണ്ടെയ്‌നറുകൾ തുറമുഖത്തെ യാർഡിലേക്ക് മാറ്റി സാൻ ഫെർണാണ്ടോ കൊളമ്പോ തീരത്തേക്ക് മടങ്ങേണ്ടിയിരുന്നതാണ്.
എന്നാൽ ഇതു നാളത്തേക്ക് നീളുമെന്നാണ് ഇപ്പോൾ ഔദ്യോഗികമായി ലഭിക്കുന്ന അറിയിപ്പ്. നിലവിൽ കപ്പലിൽ നിന്നും ചരക്കുകൾ വിഴിഞ്ഞത്തെ യാർഡിൽ ഇറക്കുന്ന പ്രവർത്തി തുടർന്ന് വരികയാണ്. തുടർന്ന് കൊളമ്പോ തീരത്ത് നിന്നുമെത്തുന്ന ഫീഡർ കപ്പലുകൾ ഈ ചരക്കുമായി മുംബൈ, കൊളമ്പോ തീരങ്ങളിലേക്ക് മടങ്ങും.
ഷിപ്പ് ടു ഷോർ ക്രയിൻ ഉപയോഗിച്ചാണ് ചരക്ക് നീക്കം ആരംഭിച്ചത്. ക്രെയിൻ ഉപയോഗിച്ച് ഉയർത്തി ഇന്‍റര്‍ ട്രാൻസിസ്റ്റ് വെഹിക്കിൾ മാർഗം ട്രെയിലറുകളിലേക്കാണ് ആദ്യം കണ്ടെയ്‌നറുകൾ എത്തിക്കുക. തുടർന്ന് നിശ്ചിത ട്രാക്കിലൂടെ ഇന്‍റര്‍ ട്രാൻസിസ്റ്റ് വെഹിക്കിൾ കണ്ടെയ്‌നറുകൾ തുറമുഖത്തിലെ യാർഡിൽ നിശ്ചയിച്ചയിടത്തേക്ക് നീക്കും.
തുറമുഖത്തിൽ സജീകരിച്ച പോർട്ട് ഓപ്പറേഷൻ മന്ദിരത്തിൽ നിന്നുമാണ് മുഴുവൻ പ്രവർത്തനങ്ങളും നിയന്ത്രിക്കുക. 8 ഷിപ്പ് ടു ഷോർ ക്രെയിനുകൾ ഉപയോഗിച്ചാണ് കണ്ടെയ്‌നറുകൾ നീക്കം ചെയ്‌ത് വരുന്നത്. ഒരേ സമയം 35000 കണ്ടെയ്‌നറുകൾ സൂക്ഷിക്കാൻ ശേഷിയുള്ള വിഴിഞ്ഞത്തെ യാർഡിൽ 2000 കണ്ടെയ്‌നറുകളാകും ഇറക്കുക.
Also Read : 'വിഴിഞ്ഞത്ത് 'സാൻ ഫെർണാണ്ടോ' എത്തിയത് ചരിത്ര സംഭവം': ഗൗതം അദാനി - Gautam On San Fernando arriaval