തിരുവനന്തപുരം : ലോകത്തിന് മുന്നില്‍ കേരളക്കരയുടെ അഭിമാനമായി മാറിയ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് പറയാനുള്ളത് പൗരാണിക നാവിക ചരിത്രം കൂടിയാണ്. ആദ്യമായി ഒരു മദർ ഷിപ്പ് തീരമണയുമ്പോൾ തുറമുഖത്തിന്‍റെ പൗരാണിക നാവിക പാരമ്പര്യവും ചർച്ചയിലേക്കെത്തുകയാണ്. 12-ാം നൂറ്റാണ്ടിന് മുൻപ് വരെ ലോക നാവിക ഭൂപടത്തിൽ ഒഴിവാക്കാനാകാത്ത സാന്നിധ്യമായി നിലനിന്നിരുന്ന വിഴിഞ്ഞത്തിന്‍റെ ചരിത്രം മുത്തശ്ശി കഥ പോലെ രസകരമാണെന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ചരിത്ര വിഭാഗം വകുപ്പ് മേധാവി ഡോ. എം കെ സജീവ് സിങ് പറയുന്നു.
നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ സമ്പത്തും സമൃദ്ധിയും കടൽ കടന്നു മലയാളക്കരയിലേക്ക് എത്തിയത് ഇതേ വിഴിഞ്ഞം തുറമുഖത്തേക്കാണ്. വിഴിഞ്ഞം ഉൾപ്പെട്ട ഇന്നത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി ജില്ലകളിൽ 8-ാം നൂറ്റാണ്ടിൽ ആയ് രാജവംശമായിരുന്നു പ്രബല ശക്തി. തെങ്കാശിക്ക് സമീപമുള്ള ആയ്ക്കുടിയിൽ നിന്നും പാണ്ഡ്യന്മാരുടെയും ചോളന്മാരുടെയും ആക്രമണം കൊണ്ട് പൊറുതി മുട്ടിയാണ് ആയ് രാജവംശം വിഴിഞ്ഞത്തേക്ക് തങ്ങളുടെ തലസ്ഥാനം മാറ്റുന്നത്.
തിരുവനന്തപുരത്തിന്‍റെ പശ്ചിമഘട്ട മലനിരകളിൽ സമൃദ്ധമായി വിളഞ്ഞിരുന്ന കുരുമുളക് ഉൾപ്പെടെയുള്ള സുഗന്ധ വ്യജ്ഞനങ്ങളുടെ കയറ്റു മതി കേന്ദ്രമായി ഇതോടെ വിഴിഞ്ഞം മാറാൻ തുടങ്ങി. 18-ാം നൂറ്റാണ്ട് വരെ ലോകത്ത് മറ്റൊരിടത്തും കുരുമുളക് കൃഷിയില്ലായിരുന്നുവെന്നു ഡോ. എം കെ സജീവ് സിങ് പറയുന്നു. പശ്ചിമ ഘട്ടത്തിൽ നിന്നും വിഴിഞ്ഞത്തേക്ക് ജലപാത വഴി എത്തിക്കുന്ന സുഗന്ധവ്യജ്ഞനങ്ങളുമായി വിഴിഞ്ഞത്ത് നിന്നും അക്കാലത്തെ വൻ കപ്പലുകൾ ലോകത്തിന്‍റെ നാന ഭാഗങ്ങളിലേക്ക് പുറപ്പെട്ടു.
സാമ്പത്തിക അഭിവൃത്തിയിലേക്ക് കുത്തിക്കുന്ന ആയ് രാജവംശത്തെ തകർക്കാൻ വിഴിഞ്ഞത്തേക്ക് എഡി 6 മുതൽ പാണ്ഡ്യന്മാർ പട നയിക്കാൻ ആരംഭിച്ചു. എഡി 8-ാം നൂറ്റാണ്ടിലെ ആയ് രാജാവ് കരുണാന്ദനുമൻ കാന്തല്ലൂർ ശാല എന്ന പുരാതന സർവകലാശാല ആരംഭിച്ചതോടെ വിഴിഞ്ഞം സൈനിക ശക്തി കേന്ദ്രം കൂടിയായി. വ്യാകരണം, ബുദ്ധ ദർശനം, സംഘ ദർശനം, വൈശേഷിക ദർശനം, സംഗീതം, സാഹിത്യം, അയോധന പരിശീലനം എന്നിങ്ങനെ അക്കാലത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനമായി കാന്തല്ലൂർ ശാല വളർന്നതോടെ വിഴിഞ്ഞം ആക്രമിച്ചു കീഴടക്കാനുള്ള പാണ്ഡ്യന്മാരുടെ ശ്രമങ്ങൾ ലക്ഷ്യം തെറ്റി.
സൈനിക പരിശീലനവും ആയുധ നിർമാണവും കൂടി തുടങ്ങിയതോടെ പാണ്ഡ്യന്മാരെ ചെറുക്കാനുള്ള ശേഷി വിഴിഞ്ഞം കൈവരിച്ചു. മൂന്ന് വശവും വെള്ളത്താൽ ചുറ്റപ്പെട്ട കോട്ട തീർത്തായിരുന്നു അക്കാലത്ത് വിഴിഞ്ഞത്തെ ആയ് രാജാക്കന്മാർ സംരക്ഷിച്ചത്. ആകാശം തൊടുന്ന കോട്ട മതിലുകൾക്കുള്ളിൽ സ്വർണം പൂശിയിരുന്നതായി രേഖകളുണ്ടെന്നും സജീവ് സിങ് പറയുന്നു.
പതിയെ പാണ്ഡ്യന്മാർ ക്ഷയിക്കുകയും ചോളന്മാർ പ്രബല ശക്തികളായി മാറാൻ തുടങ്ങുകയും ചെയ്‌തു. ഇതിനിടെ ആയ് രാജവംശം മറ്റ് നാട്ടുരാജ്യങ്ങൾ കൂടിചേർന്ന് ചേര രാജവംശമായി പരിണമിച്ചു. എഡി 8-ാം നൂറ്റാണ്ടിൽ ചേര രാജാവ് വിക്രമാദിത്യ വരഗുണന്‍റെ ഭരണകാലത്താണ് ചോളന്മാർ പുരാതന വിഴിഞ്ഞത്തെ വിസ്‌മൃതിയാക്കിയ സൈനിക മുന്നേറ്റം നടത്തുന്നത്.
പാണ്ഡ്യന്മാരെ കീഴടക്കിയ ചോളന്മാരുടെ അടുത്ത ലക്ഷ്യം വിഴിഞ്ഞമായിരുന്നു. രാജ രാജ ചോളന്‍റെ നേതൃത്വത്തിലുള്ള പട വിഴിഞ്ഞം കീഴടക്കി കാന്തല്ലൂർ ശാല നശിപ്പിച്ചു. വിഴിഞ്ഞം കടലിലെ ചേരന്മാരുടെ നാവിക പടയേയും രാജ രാജ ചോളന്‍റെ പട കീഴ്‌പ്പെടുത്തി. വിഴിഞ്ഞം പിടിച്ചെടുത്ത ശേഷം ഭരണം നിലനിർത്താനുള്ള സൈനിക ശക്തിയെ മാത്രം നിലനിർത്തി രാജ രാജ ചോളൻ തിരികെ മധുരയിലേക്ക് മടങ്ങി. ഇതോടെ ചേരന്മാർ തിരിച്ചടിക്കുകയും വിഴിഞ്ഞം വീണ്ടെടുക്കുകയും ചെയ്‌തു. ഇതറിഞ്ഞ രാജ രാജ ചോളൻ എഡി 1004-1005 കാലയളവിൽ വിഴിഞ്ഞം ആക്രമിച്ചു കീഴടക്കാൻ വീണ്ടും പുറപ്പെട്ടു. ഇത്തവണ തന്‍റെ സൈന്യത്തെ മൂന്നായി പിരിച്ചായിരുന്നു രാജ രാജ ചോളന്‍റെ പടയോട്ടം.
വടക്ക് നിന്നും തെക്ക് നിന്നും കടൽ മാർഗവും ചോള പട വിഴിഞ്ഞത്തേക്ക് പുറപ്പെട്ടു. യുദ്ധത്തിൽ വിഴിഞ്ഞത്തെ കീഴടക്കി. പിന്നീട് കാലാകാലങ്ങളിൽ പിന്നാലെയെത്തിയ ചോള രാജാക്കന്മാർ സമൃദ്ധിയുടെ പ്രതീകമായ വിഴിഞ്ഞത്തെ കീഴടക്കാൻ പല കാലങ്ങളിൽ പട നയിച്ചു. പലരും വിജയിച്ചു. തുടരെ തുടരെയുള്ള ആക്രമണങ്ങളിൽ പിടിച്ച് നിൽക്കാനാകാതെ ചേരന്മാർ വിഴിഞ്ഞം ഉപേക്ഷിച്ചു. പശ്ചിമ ഘട്ടത്തെയും വിഴിഞ്ഞത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ജലപാത പലയിടത്തും വറ്റി വരളാനും കൂടി തുടങ്ങിയതോടെ വാണിജ്യ തുറമുഖമെന്ന നിലയിൽ വിഴിഞ്ഞം തുറമുഖം വീണ്ടും ക്ഷയിക്കാൻ തുടങ്ങി.
ബിസി 12-ാം നൂറ്റാണ്ടിന് ശേഷം വിഴിഞ്ഞത്തിന് പഴയ പ്രതാപം വീണ്ടെടുക്കാനായില്ല. കേരള ചരിത്രത്തിൽ എല്ലാ കാലത്തും നിർണായക കേന്ദ്രമായിരുന്നു വിഴിഞ്ഞമെന്ന് ചരിത്രം പറയുന്നു. പ്രകൃതി ദത്ത തുറമുഖമായ വിഴിഞ്ഞം ഇന്ന് രാജ്യത്തെ തന്നെ ഏക ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖമാണ്. പുരോഗതിയുടെ അനന്ത സാധ്യതകളിലേക്ക് വിഴിഞ്ഞം ഇന്ന് മിഴി തുറക്കുമ്പോൾ കേരളത്തിന്‍റെ സാമൂഹിക സാമ്പത്തിക ചരിത്രം ഒന്ന് കൂടി ആവർത്തിക്കുകയാണെന്ന് നിസംശയം പറയാം.
Also Read: സാധ്യത കടലോളം... ലോക തുറമുഖ ഭൂപടത്തില്‍ മുന്‍ നിരയില്‍ സ്ഥാനം പിടിച്ച് വിഴിഞ്ഞം