തിരുവനന്തപുരം: വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രി ചികിത്സ നിര്‍ത്തുന്നു എന്ന ബോര്‍ഡ് പതിച്ചതിനെതിരെ വ്യാപക പ്രതിഷേധം. ദിനംപ്രതി അഞ്ഞൂറിലധികം രോഗികളാണ് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. ആശുപത്രിയില്‍ മതിയാവോളം ഡോക്‌ടര്‍മാരില്ല, നഴ്‌സുമാരില്ല, അനുബന്ധ സ്‌റ്റാഫുകളില്ല, മരുന്നുമില്ല. ഈ സാഹചര്യത്തിലാണ് 24 മണിക്കൂര്‍ സേവനം നിര്‍ത്താനുളള നടപടികള്‍ എടുത്തത്.
വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ആകെയുളളത് മൂന്നു ഡോക്‌ടര്‍മാരും മൂന്ന് നഴ്‌സുമാരുമാണ്. പത്തിലധികം ഡോക്‌ടര്‍മാരുടെയും എട്ടിലധികം നഴ്‌സുമാരുടെയും ഒഴിവുകളാണുളളത്. രോഗികള്‍ക്ക് ആവശ്യമായ മരുന്നില്ല. കുത്തിവെപ്പിനുള്ള മരുന്നുകള്‍ പോലും മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും വാങ്ങി കൊടുക്കേണ്ട അവസ്ഥയാണ്. ആശുപത്രിയില്‍ എത്തി ചികിത്സ വൈകി പലരും കുഴഞ്ഞുവീഴുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.
ഈ അവസ്ഥയിലും രോഗികള്‍ എത്തുന്നത് മരുന്ന് പുറത്തേക്ക് എങ്കിലും എഴുതി കൊടുക്കുമല്ലോ എന്ന് കരുതിയാണ്. എന്നാല്‍ ഇനി രാത്രിയില്‍ ഡോക്‌ടറെ കാണാന്‍ കഴിയില്ലെന്നുള്ള അവസ്ഥ വന്നതോടെയാണ് ആളുകള്‍ പ്രതിഷേധവുമായി എത്തിയത്. ആശുപത്രിയില്‍ സ്ഥാപിച്ച ബോര്‍ഡ് വേഗത്തില്‍ പിന്മാറ്റുകയും 24 മണിക്കൂര്‍ സേവനം ഉടന്‍ ഉറപ്പുവരുത്തുകയും ചെയ്‌തില്ല എങ്കില്‍ അടുത്ത ദിവസം മുതല്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് യൂത്ത് കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച പരാതി ഇന്നലെ യൂത്ത് കോണ്‍ഗ്രസ് ആശുപത്രി അധികൃതര്‍ക്ക് നല്‍കി.
രോഗികളെ കിടത്തി ചികിത്സിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അടിയന്തരമായി സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ആശുപത്രിയുടെ നിലവിലുള്ള പ്രവര്‍ത്തനവും തടസ്സപ്പെടാനാണ് സാധ്യത. മഴക്കാലം ശക്തി പ്രാപിച്ചതോടെ പലതരത്തിലുള്ള രോഗബാധകള്‍ ബാധിച്ച് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് മതിയാവുന്ന ചികിത്സ ലഭിക്കാനുള്ള ക്രമീകരണം ഒരുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Also Read: കൈ വിരലിന് പകരം നാവിന് ശസ്‌ത്രക്രിയ : ഡോക്‌ടർ ബിജോണ്‍ ജോണ്‍സണെ ചോദ്യം ചെയ്‌തു