കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് രോഗം സ്ഥിരീകരിച്ചു. നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപതിയിൽ കഴിയുന്ന പതിനാലുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ഉന്നതതല യോഗത്തിന് ശേഷം ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോഴിക്കോടുളള വൈറോളജി ലാബിലെയിലേയും പൂനെ വൈറോളജി ലാബിലെയും പരിശോധനയില്‍ നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു.
സ്‌കൂളിൽ നിന്നും വയനാട്ടിലേക്ക് നടത്തിയ വിനോദ യാത്രക്കിടെയാണ് വൈറസ് ബാധയുണ്ടായത് എന്നാണ് സംശയിക്കുന്നത്. സഹപാഠികളിൽ ഒരാൾക്ക് കൂടി പനി ലക്ഷണങ്ങൾ ഉണ്ടെന്നാണ് വിവരം. സമ്പർക്കം പുലർത്തിയ എല്ലാവരേയും കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റും. കോഴിക്കോട് മെഡിക്കൽ കോളജിലെ പരിശോധനയിൽ നിപ സംശയം ശക്തമായതോടെയാണ് കുട്ടിയുടെ സ്രവ സാംപിൾ പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഇതിനിടെ കുട്ടിക്ക് ചെള്ളുപനിയും സ്ഥിരീകരിച്ചിരുന്നു.
മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. വെന്‍റിലേറ്ററിൻ്റെ സഹായത്തോടെയാണ് പതിനാലുകാരൻ കഴിയുന്നതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നലെ വൈകീട്ടാണ് കുട്ടിയെ കോഴിക്കോട്ടേക്ക് മാറ്റിയത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെ യോഗം ഓൺലൈനായി നടന്നിരുന്നു. പെരിന്തൽമണ്ണ പാണ്ടിക്കാട് പഞ്ചായത്തിലെ കുട്ടിയുടെ വീടിൻ്റെ പരിസരത്ത് ജാഗ്രത ശക്തമാക്കി.
നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രത നിർദേശം നൽകി. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. രോഗബാധിതനായ കുട്ടിയുടെ വീടിന്‍റെ 3 കിലോമീറ്റർ ചുറ്റളവിൽ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. അതേസമയം കേരളത്തിൽ നിന്ന് ഇത് അഞ്ചാം തവണയാണ് നിപ റിപ്പോർട്ട് ചെയ്യുന്നത്.
ആരോഗ്യ വകുപ്പിന്‍റെ കണ്‍ട്രോള്‍ റൂം നമ്പര്‍: 0483 2732010
Also Read: സംസ്ഥാനത്ത് വീണ്ടും നിപ ആശങ്കയേറുന്നു; രോഗ കാരണങ്ങളും ലക്ഷണങ്ങളും എന്തെല്ലാം? അറിയേണ്ടതെല്ലാം