തിരുവനന്തപുരം : കെകെ രമ എംഎല്‍എയുടെ ചോദ്യത്തിന് നേരിട്ട് മറുപടി പറയാൻ ഇരട്ട ചങ്കൻ എന്നറിയപ്പെടുന്ന മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊലക്കേസിലെ പ്രതികളെ വിട്ടയക്കാനുള്ള നീക്കത്തെ കുറിച്ചുള്ള അടിയന്തര പ്രമേയത്തിന് സ്‌പീക്കറാണ് ഉത്തരം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം സബ്‌മിഷനായി അവതരിപ്പിച്ചുള്ള ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സഭ പാസാക്കിയ നിയമം സർക്കാർ ഉത്തരവിലൂടെ ഭേദഗതി ചെയ്‌തതിന് നിയമ സാധുതയില്ലെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനെതിരെ നിയമപരമായി നീങ്ങുമെന്നും വിഡി സതീശൻ അറിയിച്ചു. ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നല്‍കരുതെന്നാണ് ഈ മാസം 3ന് ഹോം സെക്രട്ടറി ഉത്തരവിറക്കിയത്. എന്നാൽ 26ന് ശിക്ഷായിളവിന്‍റെ നടപടികളുടെ ഭാഗമായി പൊലീസ് കെകെ രമയുടെ മൊഴി രേഖപ്പെടുത്തുകയാണ് ഉണ്ടായത്. ഇന്നലെ രാത്രിയും ഒളവണ്ണ പൊലീസ് മൊഴി രേഖപ്പെടുത്താൻ കെകെ രമയെ വിളിച്ചു.
ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് മറികടന്നുള്ള ഈ നീക്കം ആരുടെ താത്പര്യപ്രകാരമാണെന്ന് അറിയില്ല. ഇന്ന് സബ്‌മിഷന്‍ നോട്ടിസ് നല്‍കിയപ്പോള്‍ 11 മണിക്ക് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ നൽകി. ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് മറികടന്നുള്ള നീക്കത്തിന് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘത്തിനാണോ താത്പര്യമെന്ന് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു.
ടിപി കേസ് പ്രതികളെ ശിക്ഷായിളവിന് പരിഗണിക്കാനുള്ള നീക്കം വിവാദമായതോടെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌ത് മുഖം രക്ഷിക്കാനാണ് സർക്കാർ ശ്രമമെന്ന് ടിപി ചന്ദ്രശേഖരന്‍റെ ഭാര്യയും വടകര എംഎൽഎയുമായ കെകെ രമയും മാധ്യമങ്ങളോട് പറഞ്ഞു. മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു സർക്കാരിന്‍റെ നീക്കം. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധങ്ങളും ബഹളങ്ങളും കാരണമാണ് ഈ നീക്കം ഒഴിവാക്കിയത്. എന്നാൽ ഇളവ് അനുവദിക്കില്ലെന്ന് നിയമസഭയിൽ സർക്കാർ വ്യക്തമാക്കിയെന്നും കെകെ രമ പറഞ്ഞു.