തിരുവനന്തപുരം : പൊതു മേഖല ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്‌സി) 60.80 കോടി രൂപ അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ രഹസ്യമായി നിക്ഷേപിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അനില്‍ അംബാനിയുടെ സ്ഥാപനങ്ങളെല്ലാം തകര്‍ന്നു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നിക്ഷേപം നടന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
2018ല്‍ ആയിരുന്നു റിലയന്‍സ് കൊമേഷ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയത്. കമ്പനിയുടെ സാമ്പത്തിക തകര്‍ച്ച സംബന്ധിച്ച് രാജ്യത്തെ എല്ലാ ധനകാര്യ പ്രസിദ്ധീകരണങ്ങളിലും വാര്‍ത്ത വന്നുകൊണ്ടിരിക്കുന്ന കാലത്താണ് കെഎഫ്‌സി നിക്ഷേപം നടത്തിയത്. 2018 ഏപ്രില്‍ 19 ന് നടന്ന കെഎഫ്‌സിയുടെ അസറ്റ് ലയബിലിറ്റി മാനേജ്‌മെന്‍റ് കമ്മിറ്റി (അല്‍കോ) തീരുമാന പ്രകാരമാണ് പണം നിക്ഷേപിച്ചത് എന്നും വിഡി സതീശന്‍ പറഞ്ഞു.
നിക്ഷേപത്തിന് പിന്നാലെ 2018 - 19 ലെ കെഎഫ്‌സി വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഈ കമ്പനിയുടെ പേര് മറച്ചുവച്ചു. 2019 - 20 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലും കമ്പനിയുടെ പേര് മറച്ചുവച്ചു. 2020-21 ലെ റിപ്പോര്‍ട്ടിലാണ് അനില്‍ അംബാനിയുടെ കമ്പനിയുടെ പേര് വരുന്നത്.
എന്നാല്‍ 2019 ല്‍ തന്നെ അംബാനിയുടെ റിലയന്‍സ് കമേഷ്യല്‍ ഫിനാന്‍സ് സ്ഥാപനം അടച്ചു പൂട്ടി. ഇത്തരത്തില്‍ കമ്പനി അടച്ചു പൂട്ടിയതിന്‍റെ ഭാഗമായി 7 കോടി 9 ലക്ഷം രൂപ കിട്ടിയെന്നും 2020-21 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലുണ്ടെന്ന് വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.
60.80 കോടി നിക്ഷേപത്തിന് പലിശ ഉള്‍പ്പെടെ 109 കോടി കിട്ടേണ്ട സ്ഥാനത്താണ് 7 കോടി 9 ലക്ഷം രൂപ കിട്ടിയെന്ന് പറയുന്നത്. ഇതിലൂടെ 101 കോടി രൂപയുടെ നഷ്‌ടമാണ് സംസ്ഥാനത്തിനുണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംസ്ഥാനത്തെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ലഭിക്കേണ്ട പണം മുങ്ങാന്‍ പോകുന്ന കമ്പനിയില്‍ നിക്ഷേപിച്ചതിലൂടെ ഗുരുതരമായ കുറ്റവും അഴിമതിയുമാണ് നടന്നത്. വന്‍ തുക കമ്മിഷനായി വാങ്ങിയാണ് ഭരണ നേതൃത്വത്തിന്‍റെ അറിവോടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ലിക്വിഡേറ്റ് ആകാന്‍ പോകുന്ന സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കമ്പനി തകര്‍ന്ന് നില്‍ക്കുമ്പോള്‍ നടത്തിയ നിക്ഷേപം അറിയാതെ പറ്റിയ അബദ്ധമല്ല. 2023-24 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലും ഈ നിക്ഷേപത്തെ കുറിച്ച് അവ്യക്തമായാണ് പറയുന്നത്. ലിക്വിഡേറ്റ് ചെയ്‌ത കമ്പനിയില്‍ നിക്ഷേപിച്ച പണത്തില്‍ അവകാശവാദമുണ്ടെന്നാണ് ഇപ്പോഴും പറയുന്നത്.
ഗ്യാരന്‍റി വാങ്ങി ഉയര്‍ന്ന പലിശ നിരക്കില്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് വായ്‌പ നല്‍കുകയും അടച്ചില്ലെങ്കില്‍ സ്ഥാപനം ജപ്‌തി ചെയ്യുകയും ചെയ്യുന്ന കെഎഫ്‌സിയാണ് ഒരു ഗ്യാരന്‍റിയും ഇല്ലാതെ റിലയന്‍സ് കമ്പനിയില്‍ പണം നിക്ഷേപിച്ചത്.
ഇത് സംബന്ധിച്ച് പതിനൊന്നാം നിയമസഭ സമ്മേളനത്തില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പോലും ധനവകുപ്പ് മറുപടി നല്‍കിയിട്ടില്ല. റിലയന്‍സ് കമ്പനിയില്‍ നടത്തിയ നിക്ഷേപത്തിന്‍റെ കരാര്‍ രേഖകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു.
ഭരണത്തിന്‍റെ മറവില്‍ ഗുരുതരമായ അഴിമതിയാണ് നടന്നത്. നൂറ് കോടിയിലധികം നഷ്‌ടമുണ്ടാക്കിയ അഴിമതി അന്വേഷിക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ തീരുമാനിക്കണം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭരണ നേതൃത്വത്തിലുള്ളവരെ ഉള്‍പ്പെടെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ചെറുകിട ഇടത്തരം വ്യാവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട കെഎഫ്‌സി നിയമ വിരുദ്ധമായാണ് അനില്‍ അംബാനിയുടെ കമ്പനിയില്‍ നിക്ഷേപം നടത്തിയത്.
നിക്ഷേപം നടത്തിയ കമ്പനിയുടെ പേര് മറച്ചുവച്ചതും അഴിമതി വ്യക്തമാക്കുന്നതാണ്. മൂന്നാം വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ മാത്രമാണ് ഏത് കമ്പനിയിലാണ് നിക്ഷേപം നടത്തിയതെന്ന് കെഎഫ്‌സി വ്യക്തമാക്കിയത്.
പണം നഷ്‌ടപ്പെട്ടിട്ടും സര്‍ക്കാരും മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിമാരും അറിഞ്ഞില്ലേ? ലിക്വിഡേറ്റ് ചെയ്യപ്പെടാന്‍ പോകുന്ന കമ്പനിയാണെന്ന് അറിഞ്ഞു കൊണ്ട് നിക്ഷേപം നടത്തി എന്നതാണ് പ്രധാന ആരോപണം. കമ്മിഷന്‍ ലക്ഷ്യമിട്ടാണ് നിക്ഷേപം നടത്തിയത്. കെഎഫ്‌സി ഡയറക്‌ടര്‍ ബോര്‍ഡ് പോലും അറിയാതെയാണ് ഇത്രയും പണം നിക്ഷേപിച്ചത്. ഇതെല്ലാം അന്വേഷിക്കണം. സര്‍ക്കാര്‍ മറുപടി നല്‍കിയ ശേഷം ഏതു തരത്തിലുള്ള അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടാമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.