തിരുവനന്തപുരം : സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് മുഴുവന്‍ കാരണം കേന്ദ്ര സര്‍ക്കാര്‍ അല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഡല്‍ഹിയില്‍ നടക്കുന്നത് സംസ്ഥാനത്തെ കെടുകാര്യസ്ഥത മറച്ചുപിടിക്കാനുള്ള രാഷ്‌ട്രീയ സമരമാണെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍ (VD Satheesan).
സംസ്ഥാനത്തിന് 57,800 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്നത് കള്ളമാണ്. ധനപ്രതിസന്ധിയുടെ ഒരുപാട് കാരണങ്ങളിൽ ഒന്ന് മാത്രമാണ് കേന്ദ്ര അവഗണനയെന്നും വിഡി സതീശൻ പറഞ്ഞു. പ്രതിപക്ഷം കൊടുത്ത ക്രിയാത്മകമായ നിർദേശങ്ങളൊന്നും ചെവിക്കൊള്ളാതെ സംസ്ഥാനത്തെ ധന പ്രതിസന്ധിയിലേക്ക് തള്ളിയിടുകയാണ് സർക്കാർ ചെയ്‌തത്.
പെൻഷൻ പോലും നല്‍കാത്ത സർക്കാരാണിത്. നികുതി പിരിവിൽ പരാജയമുണ്ടായി. ധൂർത്തും അഴിമതിയും കാരണം നിലയില്ലാ കയത്തിലേക്ക് സർക്കാർ വീണു. പകൽ മുഖ്യമന്ത്രിയെ വിമർശിക്കുന്ന കേന്ദ്രമന്ത്രി വി.മുരളീധരൻ രാത്രിയാകുമ്പോൾ പിണറായിയുമായി സംസാരിക്കാറുണ്ട്. കേന്ദ്രവും കേരളവും തമ്മിലുള്ള ഒത്തുതീർപ്പിന്‍റെ ഇടനിലക്കാരനാണ് മുരളീധരൻ. സുരേന്ദ്രനെതിരായ കേസിന്‍റെ ഒത്തുതീർപ്പ് മുരളീധരൻ നടത്തിയെന്നും വിഡി സതീശൻ ആരോപിച്ചു (VD Satheesan About CPM Protest In Delhi).
മാസപ്പടി വിവാദത്തിലും പ്രതികരണം : മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ മാസപ്പടി വിവാദത്തിലും വിഡി സതീശന്‍ പ്രതികരിച്ചു. മാസപ്പടി അന്വേഷണം നിരീക്ഷിക്കുന്നുണ്ട്. വീണ വിജയന് എതിരെ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എസ്‌എഫ്‌ഐഒ അന്വേഷണം വേണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.
Also Read:'കിട്ടാനുള്ളത് ചോദിക്കാൻ കേരളം ഡല്‍ഹിയില്‍'; ജന്തർമന്തറില്‍ പ്രതിഷേധത്തിന് തമിഴ്‌നാടും
വിദേശ സർവകലാശാലാ വിഷയത്തിൽ അത്ഭുതകരമായ കാര്യങ്ങൾ നടക്കുന്നു. സിപിഎം തീവ്ര വലതുപക്ഷമാകുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് മന്ത്രിയുടെ പ്രതികരണം കേട്ടാല്‍ അറിയാം. ടി.പി ശ്രീനിവാസന്‍റെ കാൽക്കൽ വീണ് മാപ്പപേക്ഷ നടത്തണം. അതിന് മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ പോയാലും കുഴപ്പമില്ല. വിദേശ സർവകലാശാലകളെ പട്ടും വളയും നല്‍കി സ്വീകരിക്കുകയാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
തലസ്ഥാനത്തെ കേരള സമരം : കേന്ദ്ര സര്‍ക്കാര്‍ അവഗണനകള്‍ക്കെതിരെ ഇടതുമുന്നണി ഡല്‍ഹിയില്‍ പ്രതിഷേധത്തിലാണ്. കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധ സമരം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് സമരം. കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിവേചനം കാരണം സംസ്ഥാനത്ത് ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു പ്രതിഷേധത്തിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.