വയനാട്: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിസിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ഷീബയെ തൽസ്ഥാനത്ത് നിന്ന് നീക്കി. സിദ്ധാർഥൻ പീഡനത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ വിദ്യാർഥികളെ കുറ്റവിമുക്തരാക്കാൻ ഇടപെട്ടതിനാണ് വിസിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ഷീബയെ തൽസ്ഥാനത്ത് നിന്ന് നീക്കിയത്.
പുതുതായി ചുമതലയെടുത്ത വിസി ഡോ. കെഎസ് അനിലാണ് നടപടി സ്വീകരിച്ചത്. സിദ്ധാർഥനെ മർദിച്ച സംഭവത്തിൽ പങ്കില്ലെന്ന് കാട്ടി 31 ഒന്നാം വർഷ വിദ്യാർഥികൾ കോളജ് ആന്‍റി റാഗിങ്ങ് കമ്മിറ്റി നൽകിയ സസ്പെൻഷന്നെതിരെ മുൻ വിസിക്ക് അപ്പീൽ നൽകിയിരുന്നു.
ഇവരുടെ സസ്പെൻഷൻ റദ്ദാക്കാൻ വിസി നൽകിയ കുറിപ്പിന്‍റെ മറവിൽ സമാന നടപടി നേരിടുന്ന സീനിയർ വിദ്യാർഥികളായ ഷീബയുടെ മകന്‍റെയും കൂട്ടുകാരന്‍റെയും സസ്പെൻഷൻ പിൻവലിക്കാൻ ഡീനിന് നിർദേശം നൽകിയതാണ് വിവാദമായത്.
സീനിയർ വിദ്യാർഥികളുടെ നടപടി ചട്ടവിരുദ്ധമായി ഒഴിവാക്കാൻ ഷീബ ഇടപെട്ടു എന്നാണ് കണ്ടെത്തൽ. വിസിയുടെ ഓഫീസ് ജീവനക്കാരായിരുന്ന മറ്റ് 5 പേരെയും മാറ്റി നിയമിച്ചിട്ടുണ്ട്. ഭരണ സൗകാര്യാര്‍ഥമാണ് മാറ്റങ്ങൾ എന്നാണ് വിശദീകരണം.
Also Read: സിദ്ധാർഥിന്‍റെ മരണം; സർക്കാർ ചതിച്ചു, സിബിഐ അന്വേഷണം അട്ടിമറിക്കാനും ശ്രമം: പിതാവ് ജയപ്രകാശ്