തിരുവനന്തപുരം: വര്‍ക്കല ചെമ്മരുത്തിയിൽ വീടിന്‍റെ ടെറസില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു. സഹോദരങ്ങളടക്കം നാല് പ്രതികൾക്ക് കോടതി ജീവപര്യന്തം കഠിന തടവും 1,50,000 രൂപ വീതം പിഴയുമാണ് വിധിച്ചു. ചെമ്മരുത്തി സ്വദേശി ഷിജു, സഹോദരന്‍ ഷിജി, ഇവരുടെ സുഹൃത്തുക്കളായ ബിജു, മുനീര്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. വണ്ടിപ്പുര സ്വദേശി ഷിബു കുമാറിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്.
പ്രതിയായ ഷിജുവിന്‍റെ മാതൃ സഹോദരിയുടെ മകളെ ഷിബു കുമാര്‍ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പ്രതികളെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. 2013 മാര്‍ച്ച് 27 നാണ് കേസിനാസ്‌പദമായ സംഭവം. വീടിന്‍റെ ടെറസില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഷിബു കുമാറിനെയും സഹോദരന്‍ ഷമ്മിയെയും പ്രതികള്‍ ആക്രമിച്ചിരുന്നു. തുടർന്ന് വീടിന് മുകളില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷിബുകുമാറിനെ പിന്തുടര്‍ന്ന് പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നു.
രണ്ട് പ്രായപൂർത്തിയാകാത്ത കുറ്റവാളികള്‍ അടക്കം 14 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. വിചാരണയ്ക്ക് മുമ്പ് ഒരു പ്രതി മരണപ്പെട്ടിരുന്നു. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതികള്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. ആറാം അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്‌ജി കെ വിഷ്‌ണുവാണ് ശിക്ഷ വിധിച്ചത്.
പിഴ തുകയില്‍ മൂന്നില്‍ ഒരു ഭാഗം കൊല്ലപ്പെട്ട ഷിബുകുമാറിന്‍റെ മാതാവ് പത്മിനിക്കും ബാക്കി തുക ഷിബുകുമാറിന്‍റെ ഭാര്യ ശോഭനക്കും നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. വര്‍ക്കല സിഐയും ഇപ്പോള്‍ ചേര്‍ത്തല അസിസ്റ്റന്‍റ് കമ്മിഷണറുമായ എസ് ഷാജിയാണ് പ്രതികളെ പിടികൂടി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷാജി ഹാജരായി.