തിരുവനന്തപുരം: വര്‍ക്കല ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജ് അപകടത്തില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍. കൃത്യമായ പഠനമോ ദുരന്ത നിവാരണ അതോറിറ്റിയുടെ എന്‍ഒസിയോ ഇല്ലാതെയാണ് വര്‍ക്കലയില്‍ ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജ് ഉദ്ഘാടനം ചെയ്‌തതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്‍വയോണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ റിസര്‍ച്ച് കൗണ്‍സില്‍ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് വര്‍ക്കല പാപനാശം ബീച്ചിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജില്‍ തിരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നത് (Varkala floating bridge accident).
സംഭവത്തില്‍ ആറ്റിങ്ങല്‍ എംപിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ അടൂര്‍ പ്രകാശ് എംപി അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അടൂർ പ്രകാശ് എംപി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ശാസ്ത്രീയ പഠനം നടത്തിയിരുന്നോ, സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ, പദ്ധതിയിൽ അഴിമതി നടന്നോ എന്നീ വിഷയങ്ങൾ അന്വേഷണപരിധിയിൽ വരണമെന്നാണ് ആവശ്യം. അത്യന്തം ഗൗരവതരമായ സംഭവമാണ് നടന്നതെന്നും അടൂർ പ്രകാശ് കത്തിൽ പറയുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം അപകടം സംഭവിച്ചതിന് ശേഷം ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജിനെ കുറിച്ച് പഠനം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പഠനം നടത്താന്‍ കോഴിക്കോട് എന്‍ഐടിയെ ചുമതലപ്പെടുത്താനാണ് ടൂറിസം വകുപ്പിന്‍റെ തീരുമാനം. ഇതിനായി വിദഗ്‌ധര്‍ അടങ്ങുന്ന സംഘം അടുത്തയാഴ്‌ച വര്‍ക്കലയിലെത്തും.
സംഭവത്തില്‍ ടൂറിസം ഡയറക്‌ടര്‍ പി.ബി. നൂഹ്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന് റിപ്പോര്‍ട്ട് കൈമാറും. തുടര്‍ന്ന് മന്ത്രിതല യോഗത്തിന് ശേഷമേ പാലത്തില്‍ ഇനി പൊതുജനത്തിന് പ്രവേശനമുള്ളുവെന്നാണ് ടൂറിസം വകുപ്പിന്‍റെ വിശദീകരണം (Varkala floating bridge accident).
ശനിയാഴ്‌ച (09-03-2024) വൈകിട്ട് ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജിന്‍റെ കൈവരി തകര്‍ന്ന് അപകടമുണ്ടാകുന്നതിന് മുന്‍പ് തീരത്തെ ഗാര്‍ഡുമാര്‍ ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജ് നടത്തിപ്പുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ശിവരാത്രി അവധി ദിനത്തിലുണ്ടായ തിരക്കിനിടെ അപകടമുണ്ടായതായാണ് സ്വകാര്യ കമ്പനിയുടെ പ്രതിനിധികള്‍ ടൂറിസം വകുപ്പിനെ അറിയിച്ചിരിക്കുന്നത്.
ഗാര്‍ഡുമാരുടെ നിര്‍ദ്ദേശം പരിഗണിക്കാന്‍ സ്ഥലത്ത് സര്‍ക്കാര്‍ പ്രതിനിധി ഇല്ലായിരുന്നുവെന്നും ആക്ഷേപമുണ്ട്. തമിഴ്‌നാട്ടിലെ ജോയ് വാട്ടര്‍ സ്‌പോര്‍ട്ട്‌സ് എന്ന സ്വകാര്യ കമ്പനിക്കാണ് വര്‍ക്കലയിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജിന്‍റെ കരാര്‍ നല്‍കിയിട്ടുള്ളത്. ഇക്കഴിഞ്ഞ ക്രിസ്‌മസിനായിരുന്നു ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനം ചെയ്‌തത്. ഉദ്ഘാടനം ചെയ്‌ത് മൂന്ന് മാസത്തിനകമാണ് ഇപ്പോള്‍ അപകടം ഉണ്ടായിരിക്കുന്നത്.