തിരുവനന്തപുരം : ശക്തി പ്രകടനവുമായെത്തി എൽഡിഎഫ് ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാർഥി വി ജോയി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11.30 ന് ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലം വരണാധികാരിയായ എഡിഎംസി പ്രേംജിക്ക് മുൻപാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
എഎ റഹിം എംപി, സിപിഎം ജില്ല സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി ജയൻബാബു, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, കോലിയക്കോട് എൻ കൃഷ്‌ണൻനായർ എന്നിവരും നാമനിർദേശ പത്രിക സമർപ്പണത്തിന് വി ജോയിയെ അനുഗമിച്ചു. രാവിലെ 11 മണിക്ക് കുടപ്പനക്കുന്ന് നിന്ന് ശക്തി പ്രകടനവുമായി എത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍റെ വസതിയിലെത്തി അനുഗ്രഹം തേടിയ ശേഷമാണ് വി ജോയി നാമനിർദേശ പത്രിക സമർപ്പണത്തിന് എത്തിയത്. പൊട്ടക്കുഴിയിലെ എകെജിയുടെ പ്രതിമയിലും ശ്രീനാരായണ ഗുരു പ്രതിമയിലും ഇഎംഎസ് പ്രതിമയിലും പാളയം രക്തസാക്ഷി മണ്ഡപത്തിലും അയ്യങ്കാളി പ്രതിമയിലും കണ്ണമൂലയിൽ ചട്ടമ്പിസ്വാമി സ്‌മാരകത്തിലും പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് വി ജോയി നാമനിർദേശ പത്രിക സമർപ്പിക്കാൻ കലക്ട്രേറ്റിലേക്ക് എത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് ജയിക്കുന്നത് ബിജെപിയുടെ സഹായത്തോടുകൂടിയാണെന്നും എല്ലാ പ്രധാനപ്പെട്ട നേതാക്കന്മാർക്കും ബിജെപിയുമായി നല്ല ബന്ധമുണ്ടെന്നും വി ജോയി നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞതവണ ബിജെപി സ്ഥാനാർഥിയായിരുന്ന ശോഭ സുരേന്ദ്രന് വോട്ട് കിട്ടാതിരിക്കാനും വോട്ട് കുറയ്ക്കാനും വേണ്ടി, അതേസമയം അടൂർ പ്രകാശ് ജയിക്കാൻ വേണ്ടി നല്ല ശ്രമം നടന്നു.
വിജയത്തിന്‍റെ പിന്നിൽ താനാണെന്ന് ബിജെപിയുടെ ഓഫിസ് സെക്രട്ടറി തന്നെ പറയുന്ന ശബ്‌ദരേഖയാണ് നാം കേട്ടതാണ്. ആറ്റിങ്ങൽ മണ്ഡലത്തിൽ ഒന്നേമുക്കാൽ ലക്ഷം കള്ളവോട്ട് കടന്നുകൂടിയിട്ടുണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്‍റെ ആരോപണത്തിൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുകയാണെന്നും അതൊരു അഡ്വാൻസ് ജാമ്യമെടുപ്പ് ആണെന്ന് തങ്ങൾ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ചേർത്ത പുതിയ വോട്ടർമാരെ സംബന്ധിച്ച പൂർണവിവരം വെബ്സൈറ്റിൽ ലഭ്യമാണ്. പിന്നെ എവിടെയാണ് ഈ കള്ളവോട്ട് എന്നത് സംബന്ധിച്ച് അറിയാൻ നിവർത്തിയില്ല. അങ്ങനെ കള്ളവോട്ട് ഉണ്ടെങ്കിൽ അവർ ഇലക്ഷൻ കമ്മിഷന് പരാതി നൽകട്ടെ. ഇലക്ഷൻ കമ്മിഷൻ ആവശ്യമായ കാര്യങ്ങൾ ചെയ്യട്ടെ. ആദ്യം അവർ പരാതി കൊടുത്തതാണല്ലോ? അപ്പോൾ ഇലക്ഷൻ കമ്മിഷൻ പരിശോധിച്ചിട്ടാണല്ലോ 320 വോട്ടുകൾ അതിനകത്ത് നിന്ന് ഡിലീറ്റ് ചെയ്‌തത്.
ഇനി പരാതിയുണ്ടെങ്കിൽ കൊടുക്കട്ടെ. ആരും കള്ളവോട്ട് ചേർക്കാനൊന്നും പോകുന്നില്ല. ആളുകളുടെ മുമ്പിൽ പുകമറ സൃഷ്‌ടിച്ച് എന്തെങ്കിലും നേടിയെടുക്കാൻ പറ്റുമോ എന്നുള്ളതാണ് നോക്കുന്നത്. അടിസ്ഥാനപരമായ ഒരു കാരണവും അതിലില്ലെന്നും വി ജോയി കൂട്ടിച്ചേർത്തു.
ALSO READ: വയനാട്ടിൽ മത്സരം മുറുകും: ആയിരങ്ങള്‍ അണിനിരന്ന് ആനി രാജയുടെ റോഡ് ഷോ, നാമനിര്‍ദേശ പത്രിക സമർപ്പിച്ചു