തൃശൂർ : കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ എയർപോർട്ടിലെത്തി ഏറ്റുവാങ്ങുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മൃതദേഹങ്ങൾ ഇന്ന് (ജൂൺ 14) രാവിലെ എത്തുമെന്ന് ഇന്നലെ (ജൂൺ 13) രാത്രിയാണ് വിവരം ലഭിച്ചതെന്നും അതനുസരിച്ച് ഇന്നത്തെ പരിപാടികളെല്ലാം റദ്ദ് ചെയ്‌തുവെന്നും അദ്ദേഹം പറഞ്ഞു.
എയർപ്പോർട്ടിൽ എത്തുന്നവരുടെ കുടുംബാംഗങ്ങളെ കാണുമെന്നും ദുരന്തത്തിൽ മരിച്ച തൃശൂർ സ്വദേശിയുടെ വീട്ടിലും താൻ എത്തുമെന്നും സുരേഷ് ഗോപി സൂചിപ്പിച്ചു. തീപിടിത്തം എങ്ങനെയുണ്ടായി എന്ന് കുവൈറ്റ് സർക്കാരാണ് പരിശോധിക്കേണ്ടത്. അപാകതകൾ ഉണ്ടെങ്കിൽ അത് നേരെയാക്കുന്നതിനുള്ള നടപടികൾ ആ സർക്കാരാണ് ചെയ്യേണ്ടത്. അതിൽ നമ്മുടെ സർക്കാരിന് ഇടപെടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈറ്റിൽ ചികിത്സലുള്ള ആളുകളുടെ കാര്യങ്ങൾ നോക്കുന്നത് അവിടുത്തെ സർക്കാർ ആണെന്നും നിലവിൽ അവിടെയുള്ള വരുടെ കാര്യത്തിൽ ഇടപെടുന്നതിൽ പരിമിതിയുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവല്ല സ്വദേശിയായ വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റില്‍ ബുധനാഴ്‌ച പുലർച്ചെ നാലുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. തൊഴിലാളികള്‍ ഉറക്കത്തില്‍ ആയിരുന്നത് അപകടത്തിൻ്റെ ആഘാതം വർധിപ്പിച്ചു. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്.
ALSO READ : കുവൈറ്റിലെ തീപിടിത്തം: 23 മലയാളികളുടെ മരണം സ്ഥിരീകരിച്ച് നോർക്ക