തിരുവനന്തപുരം: ജില്ലയിൽ വർഗീയ സംഘർഷം സൃഷ്‌ടിക്കാൻ ബിജെപി പദ്ധതിയിടുന്നെന്ന് കോണ്‍ഗ്രസിന്‍റെ പരാതി. ചീഫ് ഇലക്‌ടറൽ ഓഫീസർക്കും ജില്ല കളക്‌ടർക്കും പൊലീസ് മേധാവിക്കും യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നൽകി. വർഗീയ സംഘർഷം സൃഷ്‌ടിക്കാനുള്ള ബിജെപി പദ്ധതിയില്‍ മുൻകരുതല്‍ എടുക്കണമെന്ന് പരാതിയില്‍ പറയുന്നു.
ആരാധനാലയങ്ങളെയോ നേതാക്കളെയോ ആക്രമിച്ച് ഉത്തരവാദിത്തം ഇതര വിഭാഗങ്ങളുടെ മേൽ കെട്ടിവച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമം ബിജെപി നടത്തുന്നതായും പരാതിയിൽ പറയുന്നുണ്ട്. ജില്ലയിലെ ചില ഗുണ്ട സംഘങ്ങളെ ഇതിനായി ബിജെപി നേതൃത്വം സമീപിച്ചതായും വിവരമുണ്ട്.
മതസൗഹാർദ്ദവും സമാധാനവും തകർത്ത് രാഷ്ട്രീയ നേട്ടമുണ്ടക്കാനുള്ള നീക്കത്തെ ഗൗരവത്തോടെ കാണണമെന്നും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്താൻ നടപടികൾ സ്വീകരിക്കണമെന്നും യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.