കണ്ണൂര്‍: ആമയുടെയും മുയലിന്‍റെയും ഓട്ട മത്സരത്തെക്കുറിച്ച് പറയുന്ന പോലെയാണ് വയനാട് മണ്ഡലത്തില്‍ യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും തെരഞ്ഞെടുപ്പ് പ്രചാരണം. തെരഞ്ഞെടുപ്പിന്‍റെ തിരയിളക്കമില്ലാതെ വയനാട്ടിലെ യുഡിഎഫ് ജില്ലാ കോണ്‍ഗ്രസിന്‍റെ ആസ്ഥാനമായ ഡിസിസി ഓഫിസ് വൈകീട്ട് അഞ്ച് മണി കഴിഞ്ഞാല്‍ മയക്കത്തിലാണ്. കൽപ്പറ്റ ടൗണില്‍ നിന്നും ഡിസിസിയിലേക്കുള്ള വഴിയില്‍ തിരിച്ചറിയാന്‍ വേണ്ടി പോലും പാര്‍ട്ടിയുടെ ചിഹ്നങ്ങളോ തോരണങ്ങളോ ഒന്നുമില്ല.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമായ വയനാടിന്‍റെ നിലവിലുള്ള അവസ്ഥ ഇതാണ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളുള്ള ബോര്‍ഡുകള്‍ വച്ചിട്ടുളളതൊഴിച്ചാല്‍ പ്രചാരണച്ചൂട് യുഡിഎഫ് ക്യാമ്പില്‍ എത്തിയിട്ടില്ല.ഡിസിസി ഓഫിസിന്‍റെ ചുവരില്‍ രാജ്യത്തിന്‍റെ രാഹുല്‍ വയനാടിന്‍റെ സ്‌നേഹം എന്നെഴുതിയ പോസ്‌റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഓഫിസിന്‍റെ പകുതി ഭാഗം വെളള പൂശിയുട്ടു പോലുമില്ല.
രാജീവ് ഭവന്‍ എന്ന് എഴുതിയ മങ്ങിയ ബോര്‍ഡാണ് ഓഫിസാണെന്ന് തിരിച്ചറിയാനുള്ള ഏക മാര്‍ഗ്ഗം. തെരഞ്ഞെടുപ്പിന്‍റെ യാതൊരു സൂചനയും ജില്ലാ ആസ്ഥാനമായ രാജീവ് ഭവനില്‍ കാണുന്നില്ല. ഓഫിസിലേക്ക് റോഡില്‍ നിന്നും കടക്കുന്ന പ്രധാന ഗേറ്റ് തുരുമ്പു പിടിച്ച നിലയിലാണ്.
ക്യമാറയില്‍ പ്രതികരിക്കാന്‍ തയ്യാറാവാത്ത ഒരു കോണ്‍ഗ്രസ് അനുഭാവി പറയുന്നത് ഇങ്ങിനെയാണ്.
'വിജയം ഉറപ്പിച്ചവര്‍ ഇങ്ങിനെ ഒക്കെ ചെയ്‌താല്‍ പോരെ. എതിരാളികളെ പോലെ നാടുനീളെ പ്രചാരണ ബോര്‍ഡുകളും തോരണങ്ങളും ചിത്രം പതിച്ച പോസ്‌റ്ററുകളും ഇത്രയേറെ വേണോ'. വയനാട്ടിലെ ജനങ്ങള്‍ രാഹുലിനെ മനസ്സിലേറ്റിയിരിക്കയാണ്'. ഇത്രയും പറഞ്ഞ് അയാള്‍ സ്ഥലം വിട്ടു.
16ാം തീയ്യതി മുതല്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ആരംഭിക്കുകയാണ്. മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തിലാണ് തുടക്കം. അടുത്ത ദിവസം വണ്ടൂരിലാണ്. 18ാം തീയതി മുതല്‍ വയനാട് ജില്ലയിലെ മാനന്തവാടി, ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളില്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചിട്ടുണ്ട്.
അതോടെ പോരാട്ട വേദിയില്‍ യുഡിഎഫ് സജീവമാകും. രാഹുല്‍ ഗാന്ധിയുടെ മുഖ്യ എതിരാളി ആനിരാജ വയനാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ രണ്ട് തവണയായി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിച്ചു കഴിഞ്ഞു. കൊടി തോരണങ്ങളും ചിഹ്നങ്ങളും സ്ഥാനാര്‍ത്ഥിയുടെ ചിത്രങ്ങളും മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
വിവിധ തലങ്ങളിലായി എല്‍ഡിഎഫിന്‍റെ യോഗങ്ങള്‍ ആരംഭിച്ചു. യുഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ എല്‍ഡിഎഫിന് ആദ്യം തന്നെ കഴിഞ്ഞു. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം സന്തോഷ് കുമാര്‍, സംസ്ഥാന നേതാവ് പ്രകാശ് ബാബു എന്നിവരൊക്കെ മണ്ഡലത്തിലെത്തി പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്.
അടുത്ത ആഴ്‌ചയോടെ രാഹുല്‍ ഗാന്ധി എത്തിച്ചേരും. അതോടെ പ്രചാരണം കൊഴുപ്പിക്കാം അതുവരെ വിശ്രമിക്കാം എന്ന ചിന്തയിലാണ് കോണ്‍ഗ്രസ് അണികളും ജില്ലാ നേതാക്കളും.