തിരുവനന്തപുരം: 2009 മുതൽക്ക് താൻ തിരുവനന്തപുരത്ത് വോട്ട് ചെയ്യുന്നുവെന്ന് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. 88 വയസായ അമ്മ വീട്ടിൽ വോട്ട് ചെയ്‌തു. വോട്ടും ടാകസും ഒരു പൗരന്‍റെ കടമയാണ്. പ്രധാനപ്പെട്ട ഒരു സ്ഥാനാർഥി മാത്രമേ തിരുവനന്തപുരത്ത് വോട്ട് ചെയ്‌തുള്ളു. ബാക്കിയുള്ളവർക്ക് മറ്റ് മണ്ഡലങ്ങളിലാണ് വോട്ടെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യം വന്നപ്പോൾ തിരുവനന്തപുരം തന്‍റെ കർമ്മ ഭൂമിയായിരുന്നു. ഇന്ന് തന്‍റെ നാടാണ് തിരുവനന്തപുരം. മറ്റെവിടെയും താൻ പോയി താമസിക്കില്ല. തന്‍റെ അവസാന മേൽവിലാസം തിരുവനന്തപുരമാണ്. രാജ്യത്തിന്‍റെ ഭാവിക്ക് വേണ്ടിയും ബിജെപി യുടെ ദുർഭരണം കേരളത്തിൽ നിന്നും മാറ്റാനുമാണ് താൻ മത്സരിക്കുന്നത്.
10 വർഷക്കാലത്തെ ബിജെപി ഭരണത്തിൽ വർഗീയതയും വിദ്വേഷവും നാം കണ്ടു. എല്ലാവരെയും ഉൾകൊള്ളുന്ന വികസനമാണ് രാജ്യത്തിന് ആവശ്യം. എല്ലാവരും ഭാരതീയ പൗരന്മാരാണ്. ബിജെപി യെ തോൽപിക്കണമെന്ന് മാത്രമാണ് കോൺഗ്രസിന്‍റെ ലക്ഷ്യം. കഴിഞ്ഞ രണ്ടുതവണയും തിരുവനന്തപുരത്ത് ബിജെപിയാണ് രണ്ടാംസ്ഥാനത്ത് വന്നത്. ബിജെപിയെ തോൽപ്പിച്ചതിൽ താൻ അഭിമാനിക്കുന്നുവെന്നും ശശി തരൂർ പറഞ്ഞു.
കഴിഞ്ഞ രണ്ടുതവണയും എൽഡിഎഫ് തിരുവനന്തപുരം മൂന്നാം സ്ഥാനത്തായിരുന്നു. അതുകൊണ്ടുതന്നെ ഇവിടെ ബിജെപിയെ തോൽപ്പിക്കാനുള്ള ഉത്തരവാദിത്വം തനിക്കാണ്. എല്ലാ ജങ്ഷനിലും സംസാരിച്ചപ്പോൾ ബിജെപിക്ക് എതിരെയാണ് വിമർശനം ഉയർത്തിയത്. എന്നാൽ എൽഡിഎഫിന്‍റെ സ്ഥാനാർഥികൾ, പ്രത്യേകിച്ച് തിരുവനന്തപുരത്ത് തനിക്കെതിരെ മാത്രമാണ് വിമർശനം ഉയർത്തിയത്.
ബിജെപി സർക്കാരിനെതിരെ ഒരു വാക്ക് ഇടതുപക്ഷത്തിന്‍റെ ഭാഗത്തു നിന്നും താൻ കേട്ടിട്ടില്ല. ഇത് അതിശയപ്പെടുത്തുന്ന കാര്യമാണ്. ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടോ എന്ന് ചോദ്യത്തിന് എൽഡിഎഫും ബിജെപിയും തമ്മിൽ ക്രോസ് വോട്ടിങ് ഉണ്ടോ എന്ന കാര്യമറിയില്ല എന്നും ശശി തരൂർ പ്രതികരിച്ചു.
Also Read:കേരളത്തിൽ യുഡിഎഫ് തരംഗം; ഇന്ത്യ മുന്നണി മികച്ച വിജയം നേടുമെന്നും കെ സി വേണുഗോപാൽ