പത്തനംതിട്ട: പന്തളത്തും കോന്നിയിലും ഉണ്ടായ രണ്ട് വ്യത്യസ്‌ത ബൈക്ക് അപകടങ്ങളിൽ രണ്ട് യുവാക്കൾ മരിച്ചു. എം സി റോഡിൽ പന്തളത്തു കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കോളേജ് വിദ്യാർഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു നിസാര പരിക്കേറ്റു.
തമിഴ്‌നാട് മരുതുംപാറ പാറയിൽ വീട്ടിൽ വിജയൻ്റെ മകൻ വി എം ആദർശ് (21) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്തും സഹപാഠിയുമായ അബീഷിന് നിസ്സാര പരുക്കേറ്റു. അടൂർ പറന്തൽ മാർ ക്രിസോസ്‌റ്റം കോളേജിലെ ബിസിഎ വിദ്യാർഥികളാണ് ഇരുവരും. ഗുരുതരമായി പരിക്കേറ്റ ആദർശിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ എം സി റോഡിൽ പന്തളം ചിത്രാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. ബൈക്കിൽ കോളേജിലേക്ക് പോകുമ്പോൾ കൊട്ടാരക്കര നിന്നു കോട്ടയത്തേക്ക് വന്ന ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ടാപ്പിങ് തൊഴിലാളിയായ പിതാവ് വിജയനും മാതാവ് മനോഹരഭായിയും മെഴുവേലി ഉള്ളന്നൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്.
കോന്നിയില്‍ നിയന്ത്രണം വിട്ട ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചാണ് തണ്ണിത്തോട് എലിമുള്ളുംപ്ലാക്കല്‍ സ്വദേശി വാഴമുട്ടത്ത് വീട്ടില്‍ പരേതനായ രാജേന്ദ്രൻ്റെയും ശാന്തയുടെയും മകന്‍ ശരത്ത് രാജ്(23) മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം.
![BIKE ACCIDENT PATHANAMTHITTA TWO YOUTHS DIED BIKE ACCIDENT WITH KSRTC BUS ബൈക്കി ലോറിയുമായി കൂട്ടിയിടിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/21-05-2024/21526138_bike-accident.png)
പൂവന്‍പാറയില്‍ നിര്‍ത്തിയിട്ടിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ശരത്ത് രാജ് അരമണിക്കൂറോളം റോഡില്‍ കിടന്നു. കോന്നി പൊലീസ് സ്ഥലത്തെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോലി കഴിഞ്ഞ് പത്തനാപുരത്തെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം.