പത്തനംതിട്ട : കമ്മിഷണറെ നിയമിക്കാനുള്ള അധികാരവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചതായിട്ടുളള വാർത്തകൾ അവാസ്‌തവമായിട്ടുളളതാണെന്ന് അധികൃതർ. ഇത് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതിനെക്കുറിച്ചുളള വിഷയത്തിലാണിപ്പോൾ ദേവസ്വം ബോർഡ് വിശദീകരണം നൽകിയിരിക്കുന്നത്. തിരുവിതാകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത് ഹൈ കോടതിയ്‌ക്കോ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനോ എതിരെയുള്ള ഒരു നടപടി അല്ല. ബോർഡിൻ്റെ നിയമപരമായ അവകാശങ്ങൾ സംരക്ഷിച്ചു കിട്ടുന്നതിനുള്ള നടപടി മാത്രമാണ്.
കീഴ്‌ക്കോടതി ഉത്തരവിനെതിരെ ഉപരി കോടതിയെ സമീപിക്കാമെന്ന ഏതൊരു പൗരനും സംഘടനയ്ക്കും ഉള്ള നിയമപരമായ അവകാശമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിനിയോഗിച്ചതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറെ നിയമിക്കുന്നതിനോ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയോഗിക്കുന്നതിനോ കേരള ഹൈക്കോടതിയുടെ മുൻകൂർ അനുമതി വേണമെന്ന ഡിബിപി നമ്പർ 2024 ലെ 44-ാം നമ്പർ കേസിലെ ഹൈക്കോടതി ഉത്തരവിന് എതിരായിട്ടാണ് ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത്.
1950ലെ ട്രാവൻകൂർ - കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആൻഡ് തേർട്ടീൻ ബി പ്രകാരം ദേവസ്വം ബോർഡ് കമ്മിഷണറെ നിയമിക്കുവാനുള്ള പൂർണ്ണാധികാരം ദേവസ്വം ബോർഡിൽ നിക്ഷിപ്‌തമാണ്. നിലവിലെ നിയമത്തിൽ എവിടെയും കമ്മിഷണർ നിയമനത്തിൽ ഹൈക്കോടതിയുടെ മുൻകൂർ അനുവാദത്തെക്കുറിച്ച് പറയുന്നില്ല. ദേവസ്വം ബോർഡിലെ ഡെപ്യൂട്ടി കമ്മിഷണർ റാങ്കിലുള്ള യോഗ്യരായ ഉദ്യോഗസ്ഥരെ അങ്ങനെ ലഭ്യമല്ലാത്ത പക്ഷം ഗവൺമെൻ്റിൽ നിന്നും അഡിഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെയോ ദേവസ്വം കമ്മിഷണറായി നിയമിക്കാനുള്ള പൂർണ്ണമായിട്ടുള്ള അധികാരം ദേവസ്വം ബോർഡിനാണ്.
വസ്‌തുത ഇതായിരിക്കെ ദേവസ്വം കമ്മിഷണർ നിയമനത്തിൽ ഹൈക്കോടതിയുടെ മുൻകൂർ അനുവാദം വേണമെന്ന നിരീക്ഷണം ദേവസ്വം ബോർഡിൻ്റെ അധികാരം നഷ്‌ടപ്പെടുത്തലാണ്. കമ്മിഷണറെ നിയമിക്കാനുള്ള ദേവസ്വം ബോർഡിൻ്റെ അവകാശം സംരക്ഷിക്കുവാൻ വേണ്ടിയിട്ടാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും അധികൃതർ അറിയിച്ചു.