കോഴിക്കോട്: ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്കും സഹായിക്കും പരിക്ക്. ദേശീയ പാതയിൽ കാട്ടിൽപീടികയില്‍ ഇന്ന് (സെപ്‌റ്റംബര്‍ 21) രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലെ മറ്റ് യാത്രക്കാരെല്ലാം പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
ബെംഗളുരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന എഐ ട്രാവല്‍സ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇൻഡസ്ട്രിയൽ ജോലി നടക്കുന്ന കടയിലേക്കാണ് ബസ് ഇടിച്ചു കയറിയത്. കടയിലെ തൊഴിലാളികൾ അത്ഭുതകരമായി രക്ഷപെട്ടു.
'കടയിലെ ജോലിക്കിടെ എന്തോ ഭയങ്കര ശബ്‌ദമാണ് കേട്ടത്. പേടിച്ച് വിറച്ചുപോയി. ഞാനും ഒരു ജീവനക്കാരിയും മാത്രമായിരുന്നു അപകട സമയത്ത് കടയിലുണ്ടായിരുന്നത്. സാധാരണ മുഴുവൻ തൊഴിലാളികളും ഉണ്ടാകുന്നതാണ്. ഇന്ന് നാല് പേർ പുറത്ത് ജോലിക്ക് പോയതുകൊണ്ട് അവരൊക്കെ രക്ഷപ്പെട്ടു. അല്ലെങ്കിൽ കണ്ട് സഹിക്കാൻ പറ്റാത്ത അവസ്ഥ ആയേനേ'- അപകടത്തിൽ തകർന്ന സിടി മെറ്റല്‍സ് ഉടമ രാഘവൻ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രണ്ട് സെന്‍റ് ഭൂമിയിലാണ് രാഘവന്‍റെ സി.ടി മെറ്റല്‍സ് എന്ന കട സ്ഥിതി ചെയ്യുന്നത്. ഇതിന്‍റെ വലത് ഭാഗത്തായാണ് സ്ഥാപനത്തിന്‍റെ ഓഫിസ്. അപകടം നടക്കുന്ന സമയത്ത് രാഘവനും തൊഴിലാളിയും ഓഫിസിനകത്തായിരുന്നു. ഈ ഓഫിസ് ഒഴികെ കടയുടെ മറ്റ് ഭാഗങ്ങളെല്ലാം അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്.
കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Also Read: അമിത വേഗതയിലെത്തിയ കാർ ബൈക്കിടിച്ച് തെറിപ്പിച്ചു; കാറില്‍ തോക്കും മദ്യക്കുപ്പികളും