തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ്റെ സനാതന ധർമ പരാമർശത്തിൽ കോൺഗ്രസിൻ്റെ നിലപാട് വ്യക്‌തമാക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിയുടെ പരാമർശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു, എന്നാൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരൻ വിവാദ പരാമർശത്തെ പിന്തുണയ്‌ക്കുകയാണ് ചെയ്‌തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രതിപക്ഷ നേതാവ് സനാതന ധർമം, കാവിവത്‌കരണം എന്നിങ്ങനെയുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ എതിർത്തപ്പോൾ സനാതന ധർമം രാജവാഴ്‌ചയിലേക്കും ജാതീയതയിലേക്കുമുള്ള തിരിച്ചുവരവിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അംഗീകരിച്ചു. ഹൈന്ദവ ദർശനത്തിന് ഹാനികരമാകുന്ന പരാമർശം നടത്തിയ മുഖ്യമന്ത്രിക്ക് എന്ത് മറുപടിയാണ് കോൺഗ്രസ് പാർട്ടിക്ക് നൽകാനുള്ളതെന്നും മുരളീധരന്‍ ചോദിച്ചു.
സാമൂഹ്യ പരിഷ്‌കർത്താവ് ശ്രീനാരായണ ഗുരുവിനെ സനാതന ധർമത്തിൻ്റെ വക്താവായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന്, ശിവഗിരി തീർഥാടനത്തെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
'സനാതന ധർമം എന്നത് ചാതുർവർണ്യ സമ്പ്രദായത്തിൽ അധിഷ്‌ഠിതമായ വർണാശ്രമ ധർമത്തിൻ്റെ പര്യായമാണ്. ഈ വർണാശ്രമ ധർമം എന്താണ് ഉയർത്തിപ്പിടിക്കുന്നത്? ഇത് പാരമ്പര്യ തൊഴിലുകളെ മഹത്വവത്‌കരിക്കുന്നതാണ്. എന്നാൽ ശ്രീനാരായണ ഗുരു എന്താണ് ചെയ്‌തത്? പാരമ്പര്യ തൊഴിലുകളെ ധിക്കരിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്‌തത്. അപ്പോൾ പിന്നെ എങ്ങനെയാണ് ഗുരുവിന് സനാതന ധർമത്തിൻ്റെ വക്താവാകാൻ കഴിയുക' എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചിരുന്നു.
'ചാതുർവർണ്യ സമ്പ്രദായത്തെ നിരന്തരം ചോദ്യം ചെയ്യുകയും ധിക്കരിക്കുകയുമായിരുന്നു ഗുരുവിൻ്റെ സന്യാസജീവിതത്തിൽ ചെയ്‌തിരുന്നത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യർക്ക് എന്ന് ഉദ്ഘോഷിച്ച ഒരാൾ എങ്ങനെയാണ് ഏകതയുടെ പരിമിതിയിൽ വേരൂന്നിയ സനാതന ധർമത്തിൻ്റെ വക്താവാകുന്നത്? ജാതി വ്യവസ്ഥയെ എതിർക്കുന്ന ഒരു ധർമത്തെയാണ് ഗുരു നയിച്ചത്' എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read: പ്രിയങ്ക് ഖാർഗെയ്‌ക്കിരെ പോസ്റ്റർ പ്രചാരണം; ബിജെപി എംഎൽസി സിടി രവിയുൾപ്പെടെ 13 പേർക്കെതിരെ കേസ്