തിരുവനന്തപുരം : വയനാട് കേണിച്ചിറയിൽ നിന്ന് വനം വകുപ്പ് പിടികൂടിയ കടുവ ഇനി തിരുവനന്തപുരം മൃഗശാലയിൽ. ഇന്ന് രാവിലെ 12 മണിയോടെ കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു. നിലവിൽ പ്രത്യേക ക്വാറന്‍റൈനിലാണ് കടുവ. 21 ദിവസത്തെ ക്വാറന്‍റൈൻ പൂർത്തിയാക്കിയ ശേഷമാകും കൂട്ടിലേക്ക് മാറ്റുക.
കടുവയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. ഇത് മറ്റ് കടുവകളുടെ ആക്രമണമേറ്റ് ഉണ്ടായതാകാമെന്നാണ് മൃഗശാലയിലെ വെറ്ററിനറി സർജൻ പറയുന്നത്. എന്നാൽ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല. ക്വാറന്‍റൈൻ കാലയളവിൽ കടുവയെ വിശദമായി പരിശോധിച്ച ശേഷമേ ആരോഗ്യ സ്ഥിതി കൃത്യമായി വിലയിരുത്താനാകുവെന്നും മൃഗശാലയിലെ വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ പറഞ്ഞു. പുതിയ കടുവ കൂടി എത്തിയതോടെ മൃഗശാലയിലെ കടുവകളുടെ എണ്ണം അഞ്ചായി. നിലവിൽ രണ്ട് ബംഗാൾ കടുവകളും രണ്ട് വെള്ള കടുവകളുമാണ് മൃഗശാലയിലുള്ളത്.
സൗത്ത് വയനാട് ഫോറസ്റ്റ് സബ് ഡിവിഷനിലെ കേണിച്ചിറയിൽ നിന്നും കഴിഞ്ഞ മാസം 23നായിരുന്നു ജനവാസ മേഖലയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയ 10 വയസുകാരനായ ബംഗാൾ കടുവയെ കെണിവച്ച് പിടികൂടിയത്. കടുവയെ ഇത്രയും നാൾ കൂട്ടിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. കുപ്പാടിയിൽ വനംവകുപ്പിന്‍റെ കടുവ പുനരധിവാസ കേന്ദ്രമുണ്ടെങ്കിലും വിദഗ്‌ധ പരിശോധനകൾക്കാണ് കടുവയെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്.
Also Read: മന്ത്രിയുടെ ഡ്രൈവറിന്‍റെ നാവിന് കടിച്ച് തെരുവ് നായ; മറ്റ് ആറുപേര്‍ക്കും പരിക്ക്