തൃശൂർ : തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്. ചരിത്രത്തിൽ ആദ്യമായി തൃശൂർ പൂരത്തിന്‍റെ വെടിക്കെട്ടിന് ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുക ഒരാളായിരിക്കും. മുണ്ടത്തിക്കോട് സ്വദേശി പി എം സതീശാണ് തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും വെടിക്കെട്ട് ചുമതല നിർവഹിക്കുക. കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിന്‍റെ വെടിക്കെട്ട് ചുമതല സതീശിനായിരുന്നു.
നൂറ്റാണ്ടുകൾ പിന്നിട്ട തൃശൂർ പൂരത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് രണ്ടുവിഭാഗങ്ങളുടെ വെടിക്കെട്ട് ചുമതല ഒരാളിലേക്ക് എത്തുന്നത്. വർഷങ്ങളായി തിരുവമ്പാടിക്കു വേണ്ടി പതിവുകാരനായ മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീശിനാണ് ആ സൗഭാഗ്യം കൈ വന്നിരിക്കുന്നത്. സതീഷിൻ്റെ അച്‌ഛൻ മണിപാപ്പനും തിരുവമ്പാടിയുടെ കരാറുകാരനായിരുന്നു.
സാങ്കേതിക പ്രശ്‌നം മൂലം പാറമേക്കാവിന്‍റെ വെടിക്കെട്ട് കരാറുകാരന് ലൈസൻസ് നൽകാൻ പ്രയാസമായതോടെ കലക്‌ടർ വി ആർ കൃഷ്‌ണ തേജ വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് നടത്തിയ ചർച്ചകളിലൂടെയാണ് ഒരേ കരാറുകാരൻ മതിയെന്നു തീരുമാനിച്ചത്. അതേസമയം വെടിക്കെട്ടിന്‍റെ മത്സരസ്വഭാവത്തോടെയുള്ള വൈവിധ്യത്തിന് കുറവ് വരാത്ത രീതിയിലായിരിക്കും സംഘാടനമെന്നും, വെടിക്കെട്ടിൽ വ്യത്യസ്‌തത കൊണ്ടുവരാനുള്ള ആരോഗ്യകരമായ മത്സരങ്ങൾ ഇത്തവണയും ഉണ്ടാകുമെന്ന് സംഘാടകർ പറഞ്ഞു.
ലൈസൻസി ഒന്നാവുന്നതോടെ പരക്കം പാച്ചിലും മറ്റ് സാങ്കേതിക തടസങ്ങളും ഒഴിവാക്കാമെന്നതാണ് ദേവസ്വങ്ങളുടെ നേട്ടം. ഇതോടൊപ്പം ലൈസൻസി മാത്രമേ ഒന്നായി ഉള്ളൂവെന്നും മറ്റ് ചുമതലക്കാരും പ്രവൃത്തികൾ ചെയ്യുന്നവരുമെല്ലാം ഇരുവിഭാഗത്തിനും വെവ്വേറെയാണെന്നും അതുകൊണ്ട് രഹസ്യസ്വഭാവത്തിന് മാറ്റമൊന്നും ഉണ്ടാവില്ലെന്നും പുതുമകളുടെ വിസ്‌മയച്ചെപ്പ് തന്നെയാവും ഈ പൂരത്തിനും ആകാശമേലാപ്പിൽ വിരിയുകയെന്ന് ദേവസ്വം ഭാരവാഹികൾ പറയുന്നു.