തൃശൂർ: മാനത്ത് നിറങ്ങൾ വിതറി തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്. തൃശൂരിന്റെ ആകാശമേലാപ്പിൽ ശബ്ദ-വർണ വിസ്മയങ്ങളുടെ ഇന്ദ്രജാലം പൂത്തുലഞ്ഞു. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ ഗുണ്ടും കുഴിമിന്നിയും അമിട്ടുമെല്ലാമായി ആകാശത്ത് വിസ്‌മയം തീർത്തു.
സമയം 7.40 പാറമേക്കാവ് വിഭാഗത്തിൻ്റെ ഭാഗത്ത് നിന്ന് ആദ്യ സാമ്പിൾ വെടിക്കെട്ടിന് തിരികൊളുത്തി. അഞ്ച് മിനിറ്റോളം നീണ്ട് നിന്ന് വെടിക്കെട്ടിന് ശേഷം ഒരു ചെറിയ ഇടവേള. പിന്നാലെ തിരുമ്പാടി അവരുടെ കരുത്തുകാണിച്ചു. ബഹുവര്‍ണ അമിട്ടുകളും ഗുണ്ടും, കുഴിമിന്നിയും വെടിക്കെട്ടിന് വര്‍ണശോഭ നല്‍കി.
വർണ വിസ്‌മയങ്ങൾക്കിടയിലൂടെ ഊർന്നിറങ്ങിയ കുടകൾ പൂരപ്രേമികളെ ആവേശത്തിലാക്കി. സ്വരാജ് റൗണ്ടിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗ്രീൻ സോണായി രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ നിന്ന് ആയിരങ്ങൾ സാമ്പിൾ വെടിക്കെട്ട് ആസ്വദിച്ചു. 20 ന് പുലര്‍ച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. പകല്‍പ്പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷവും വെടിക്കെട്ടുണ്ടാകും.