തൃശൂർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട വനംവകുപ്പിന്‍റെ വിവാദ ഉത്തരവ് തിരുത്തുമെന്ന് മന്ത്രി കെ രാജൻ. ഇന്നലെ വൈകുന്നേരത്തോട് കൂടി സിസിഎഫുമായി ബന്ധപ്പെട്ടുള്ള ഒരു സർക്കുലർ ഇറക്കിയിരുന്നു. ആ പ്രശ്‌നം ഇന്ന് രാവിലെ വനംവകുപ്പ് മന്ത്രിയുമായി നേരിട്ട് സംസാരിച്ചു. അതിന്‍റെ അടിസ്ഥാനത്തിൽ സർക്കുലറിൽ പറഞ്ഞിട്ടുള്ള പന്ത്രണ്ടാമത്തെ കാര്യമായ റീ വെരിഫിക്കേഷൻ ഓഫ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്ന ഭാഗം പൂർണമായും സർക്കുലറിൽ നിന്ന് മാറ്റാൻ വേണ്ടി ഗവർൺമെന്‍റ് ആവശ്യമായിട്ടുള്ള നിർദേശങ്ങൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കുലറിൽ പറഞ്ഞിരിക്കുന്നതിൽ പന്ത്രണ്ടാമത്തേതും പതിമൂന്നാമത്തേയും കാര്യമാണ് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നത്. പന്ത്രണ്ട് മാറ്റപ്പെടുന്ന സാഹചര്യത്തിൽ പതിമൂന്നിന് കാര്യമായ പ്രസക്തി ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
കോടതി പറഞ്ഞ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിക്കുമ്പോൾ തന്നെ അനാവശ്യമായ ഒരു വെരിഫിക്കേഷൻ കൂടി വേണമെന്ന നിർദേശം ഇപ്പോൾ പിൻവലിച്ച് ആവശ്യമായിട്ടുള്ള സൗകര്യങ്ങൾ ഒരുക്കും. ഏതെങ്കിലും വിധത്തിലുള്ള പ്രയാസങ്ങൾ ഉണ്ടാകുകയാണെങ്കിൽ അത് ദേവസ്വം ബോർഡുമായിട്ടും പൂര പ്രേമികളുമായിട്ടും സംസാരിച്ച് പ്രശ്‌നം പരിഹരിച്ച് പൂരം നല്ലതുപോലെ നടത്തണം എന്നത് തന്നെയാണ് ഗവൺമെന്‍റിന്‍റെ ധാരണയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുടമാറ്റം സംബന്ധിച്ച നേരത്തെ ഒരു പ്രശ്‌നം വന്നിരുന്നുവെന്നും അത് പരിഹരിച്ചുവെന്നും മന്ത്രി പറഞ്ഞു. റീ വെരിഫിക്കേഷൻ പ്രായോഗികമായിട്ടുള്ള ഒരു കാര്യമല്ലെന്നും, എന്നാൽ കോടതി ഉത്തരവുകളെല്ലാം പാലിച്ച് നമ്മുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റീ വെരിഫിക്കേഷൻ ഒഴിവാക്കിയുള്ള പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കും എന്നും കെ രാജൻ പറഞ്ഞു. ആന ഉടമകൾക്ക് ആശങ്കയുണ്ടെങ്കിൽ കേൾക്കാൻ സർക്കാർ തയ്യാർ ആണെന്നും. ഉത്തരവിന് പിന്നിലെ ഉദ്യോഗസ്ഥ ഇടപെടൽ സർക്കാർ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.