എറണാകുളം: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ എം സ്വരാജിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി. കെ ബാബുവിന് എംഎല്‍എയായി തുടരാമെന്ന് വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കി. 2021-ല്‍ കെ ബാബു തെരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്‌ത് എതിര്‍ സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
ശബരിമല അയ്യപ്പന്‍റെ ചിത്രം വെച്ച് വോട്ടര്‍ സ്ലിപ്പ് വിതരണം ചെയ്‌തതിനുള്ള തെളിവുകള്‍ ഹാജരാക്കി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നായിരുന്നു സ്വരാജ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മത ചിഹ്നം ഉപയോഗിച്ച് വോട്ട് പിടിച്ചു എന്ന ആരോപണം സാധൂകരിക്കുന്ന സാക്ഷി മൊഴികളില്ലെന്ന് കോടതി നിരീക്ഷിച്ചു.
Also Read: കെ ബാബു എംഎൽഎയ്ക്ക് തിരിച്ചടി ; എം സ്വരാജിന്‍റെ തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി
സാക്ഷികള്‍ പറഞ്ഞതെല്ലാം വിശ്വാസ യോഗ്യമല്ലെന്നും കോടതി പറഞ്ഞു. വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്ന് എം സ്വരാജ് പ്രതികരിച്ചു. വിചിത്രമായ വിധിയാണെന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ഉപകരിക്കുമെന്ന് കരുതുന്നില്ലെന്നും എം സ്വരാജ് പറഞ്ഞു. തനിക്കെതിരായ തെളിവുകള്‍ കൃത്രിമമായി സൃഷ്‌ടിച്ചതാണെന്നും വിധിയില്‍ സന്തോഷമുണ്ടെന്നുമാണ് കെ ബാബുവിന്‍റെ പ്രതികണം.